പീഡന പ്രതിക്കുവേണ്ടി ജനം പൊലീസിനെ ആക്രമിച്ചു
ബാലസോര്‍ (ഒറീസ): എട്ടുവയസ്സുകാരിയെ ബലാല്‍സംഗം ചെയ്‌ത് കൊന്നയാളെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട ജനക്കൂട്ടം പൊലീസ് ഔട് പോസ്‌റ്റ് ആക്രമിച്ചു. ആക്രമണത്തില്‍ ഇരുപത് പൊലീസുകാര്‍ക്ക് പരുക്കേറ്റു.
ഒറീസയിലെ ബാലസോര്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്. റുപ്‌സ പൊലീസ് സ്റ്റേഷന് കീഴിലുള്ള ഹല്‍ദിപാഡ ഔട്ട് പോസ്‌റ്റിന് നേരെയാണ് ആക്രമണമുണ്ടായത്.
ശനിയാഴ്‌ച രാത്രി ഗ്രാമത്തിലെ ജാത്ര ഉത്സവം കാണാനെത്തിയ പെണ്‍കുട്ടിയെ മിഠായി നല്‍കി ആളൊഴിഞ്ഞ സ്ഥലത്തേയ്‌ക്ക് കൂട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തുകയായിരുന്നുവത്രേ. പിന്നീട് കുട്ടിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയിന്‍മേല്‍ പൊലീസ് അന്വേഷണം നടത്തിയപ്പോള്‍ സമീപത്തുള്ള വയലില്‍ നിന്നാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
കേസില്‍ നാല്‍പത്തിയഞ്ചുകാരനായ ഒരാളെ പൊലീസ് അറസ്റ്റുചെയ്‌തിരുന്നു. ഇയാളെ വിട്ടുകിട്ടണമെന്നാണ് ജനം പൊലീസിനോട് ആവശ്യപ്പെട്ടത്. അക്രമാസക്തരായ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്‌തു.
ജനക്കൂട്ടം ബന്ധിയാക്കിയ അസിസ്‌റ്റന്റ് സബ് ഇന്‍സ്‌പെക്ടറെ സ്ഥലത്തെത്തിയ ബാലസോര്‍ റിസര്‍വ് പൊലീസ് സംഘമാണ് മോചിപ്പിച്ചത്. സംഭവത്തെത്തുടര്‍ന്ന് ഗ്രാമത്തില്‍ ഇപ്പോഴും സംഘര്‍ഷാന്തരീക്ഷം നിലനില്‍ക്കുകയാണ്.












Click it and Unblock the Notifications