സിപിഐ റിപ്പോര്‍ട്ടില്‍ സിപിഎമ്മിന് രൂക്ഷ വിമര്‍ശനം
തൃശ്ശൂര്‍: സംസ്ഥാനഭരണത്തില്‍ സിപിഎം മുന്നണിമര്യാദകള്‍ പാലിക്കുന്നില്ലെന്ന് സിപിഐ സംസ്ഥാനസമ്മേളനത്തിന്റെ ആദ്യദിനംതന്നെ വിമര്‍ശം.
ശനിയാഴ്ച തൃശ്ശൂരില്‍ ആരംഭിച്ച സിപിഐ സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തനറിപ്പോര്‍ട്ടിലും രാഷ്ട്രീയറിപ്പോര്‍ട്ടിലുമാണ് സിപിഎമ്മിനെതിരെ ശക്തമായ വിമര്ശനമുള്ളത്.
തദ്ദേശ ഭരണസ്ഥാപനങ്ങളില് അധികാരം പങ്കുവച്ചപ്പോള് സപിഐയ്ക്ക് സിപിഎം അര്ഹമായ പരിഗണന നല്കിയില്ല. മുന്നണിമര്യാദകള്‍ പാലിക്കാന്‍ സിപിഎം. തയ്യാറാകാത്തതിനാല്‍ എല്‍ഡിഎഫ് സര്‍ക്കാരിന് വേണ്ടത്ര ശോഭിക്കാനോ പ്രതിച്ഛായ വളര്‍ത്താനോ കഴിയുന്നില്ല. സ്ഥാനങ്ങള്‍ പലതും സിപിഐയ്ക്ക് നഷ്ടപ്പെടാന്‍ കാരണം പാര്‍ട്ടിക്കുവേണ്ടി ചര്‍ച്ചയില്‍ പങ്കെടുത്തവരുടെ പിടിപ്പുകേടാണ്-റിപ്പോര്ട്ടില് ചൂണ്ടാക്കാണിക്കുന്നു
ധനകാര്യവകുപ്പിന്റെ നിസ്സഹകരണം വകുപ്പുകളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ജനക്ഷേമ പദ്ധതികള്‍ തുടങ്ങുന്നതിന് ധനവകുപ്പ് തടസ്സം നില്‍ക്കുന്നുവെന്ന് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ച് സംസാരിക്കവെ പാര്‍ട്ടി അസിസ്റ്റന്റ് സെക്രട്ടറി സി.എന്‍ ചന്ദ്രന്‍ ആരോപിച്ചു. ധനവകുപ്പിനൊപ്പം ആഭ്യന്തര വകുപ്പിനെയും അദ്ദേഹം വിമര്‍ശിച്ചു.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 9 മണ്ഡലങ്ങളില്‍ പരാജയപ്പെടാന്‍ കാരണം സിപിഎമ്മിലെ വിഭാഗീയതയും സിപിഐയുടെ ദൌര്‍ബല്യവുമാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പത്തനാപുരം, ആലപ്പുഴ, പട്ടാമ്പി, നേമം തുടങ്ങിയ മണ്ഡലങ്ങളാണിത്. പത്തനാപുരം സി.പി.എം. ആവശ്യപ്പെട്ടുവെങ്കിലും അത് വിട്ടുകൊടുക്കാത്തതിലെ അമര്‍ഷമാണ് തിരഞ്ഞെടുപ്പില്‍ അവര്‍ പ്രകടിപ്പിച്ചതെന്ന് വിലയിരുത്തുന്നു.
സിപിഐ മന്ത്രിമാര്‍ക്കെതിരെയും അവര്‍ കൈക്കൊള്ളുന്ന നിലപാടുകള്‍ക്കെതിരെയും അഭിപ്രായമുയര്‍ന്നു. ഭരണപരമായ കാര്യങ്ങളില്‍ മന്ത്രിമാര്‍ അഭിപ്രായം മാറ്റുന്നതും വിമര്‍ശത്തിന് കാരണമായി. ഒരേ വിഷയത്തില്‍ത്തന്നെ മന്ത്രിമാര്‍ അഭിപ്രായം മാറ്റുന്നത് പാര്‍ട്ടിയുടെ പ്രതിച്ഛായയെ ബാധിച്ചുവെന്ന് ജില്ലകള്‍ തിരിച്ചുള്ള ഗ്രൂപ്പ് ചര്‍ച്ചകളില്‍ അഭിപ്രായം ഉയര്‍ന്നു.
സിപിഎം മന്ത്രിമാര്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുമ്പോള്‍ സിപിഐ ആ നിലപാടിലേക്ക് വരുന്നില്ലെന്നും ചൂണ്ടിക്കാട്ടി.
വര്‍ഷം രണ്ട് കഴിഞ്ഞിട്ടും മന്ത്രിമാരുടെ പരിചയക്കുറവെന്ന് പറയുന്നത് ശരിയല്ല. മന്ത്രിമാര്‍ക്ക് അതത് വകുപ്പുകളില്‍ ഇനിയും ശോഭിക്കാന്‍ കഴിയാത്തത് ശരിയല്ലെന്ന് ചര്‍ച്ചകളില്‍ അഭിപ്രായം ഉയര്‍ന്നു.
വിദ്യാഭ്യാസവകുപ്പിന്റെ പല നടപടികളും എടുത്തുചാട്ടമായിപ്പോയെന്നും അത് മുന്നണിയുടെത്തന്നെ ഐക്യത്തിനും പ്രതിച്ഛായയ്ക്കും മങ്ങലേല്പിച്ചുവെന്നും പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications