ജയില് മോചിതനായ കശ്‌മീര്‍ സിംങ് ഇന്ത്യയിലെത്തി
വാഗ: വധശിക്ഷയ്‌ക്ക് വിധിയ്‌ക്കപ്പെട്ട് 35കൊല്ലം പാകിസ്‌താന്‍ ജയിലില്‍ കഴിഞ്ഞ കശ്‌മീര്‍ സിംങ് ഇന്ത്യയില്‍ തിരിച്ചെത്തി. വാഗാ അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തിയ അദ്ദേഹത്തിന് ഭാര്യ പരംജീത് കൗറും മറ്റും കടുംബാംഗങ്ങളും ചേര്‍ന്ന് വികാര നിര്‍ഭരമായ വരവേല്‍പ്പാണ് നല്‍കിയത്.
ചാരപ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ചാണ് പൊലീസില്‍ ശിപായിയായിരുന്ന കശ്‌മീര്‍ സിംങിനെ 1973ല്‍ റാവല്‍പിണ്ടിയില്‍ അറസ്റ്റു ചെയ്‌തത്. തുടര്‍ന്ന് വധശിക്ഷയ്‌ക്ക് വിധിയ്‌ക്കപ്പെട്ട് ലാഹോറിലെ ജയിലിലടക്കപ്പെട്ട അദ്ദേഹം നീണ്ട 35 വര്‍ഷം ഒരു സന്ദര്‍ശകന്‍ പോലുംമില്ലാതെ തടവുജീവിതം തള്ളിനീക്കുകയായിരുന്നു.
ജയിലില്‍ ഈയിടെ സന്ദര്‍ശനത്തിനെത്തിയ പാക് മനുഷ്യാവകാശ മന്ത്രി അന്‍സര്‍ ബര്‍ണിയാണ് അദ്ദേഹത്തിന്റെ മോചനത്തിന് വഴിയൊരുക്കിയത്. ബര്‍ണി നല്‍കിയ ദയാ ഹര്‍ജി പരിഗണിച്ച് ഫെബ്രുവരി 28ന് പ്രസിഡന്റ് പര്‍വേസ് മുഷറഫ് സിംങിന് മാപ്പു നല്‍കി.
കശ്‌മീര്‍ സിംങിന്റെ മടക്കയാത്രയില്‍ അതിര്‍ത്തിവരെ അന്‍സാര്‍ ബര്‍ണിയും അദ്ദേഹത്തെ അനുഗമിച്ചിരുന്നു. ഈ സംഭവം സ്‌നേഹത്തിന്റെ ഒരു പൂമരം തീര്‍ക്കട്ടെയെന്ന് പ്രത്യാശിച്ചുകൊണ്ടാണ് ബര്‍ണി സിംങിനെ അതിര്‍ത്തി കടത്തി വിട്ടത്.
ജയില്‍ മോചനം നേടിയ ഒരാളെ പാകിസ്‌താന്‍ ആദ്യമായി ഔദ്യോഗിക വാഹനത്തില്‍ ബഹുമതികളോടെ അയല്‍ രാജ്യത്തിന് കൈമാറുന്ന അപൂര്‍വ്വതായായിരുന്നു ചൊവ്വാഴ്‌ചത്തെ ചടങ്ങ്. വാഗാ അതിര്‍ത്തിയില്‍ ബൊക്കെയും മധുരവും നല്‍കിയാണ് ഇന്ത്യന്‍ സൈനികര്‍ കശ്‌മീര്‍ സിംങിനെ സ്വീകരിച്ചത്.
എനിക്കിനി ആഗ്രഹങ്ങളൊന്നും ബാക്കിയില്ല. പ്രസിഡന്റ് പര്‍വേശ് മുഷറഫിനും മനത്രി അന്‍സാര്‍ ബര്‍ണിയ്‌ക്കും നന്ദി. ഇനി ഒരു പുതിയ ജീവിതം തുടങ്ങണം. ഇന്ത്യയിലെ സര്‍ക്കാറും തന്നെപ്പോലെ ഇവിടെകഴിയുന്ന പാകിസ്‌താന്‍കാരായ തടവുകാരോട് സമാനമായ നിലപാട് എടുത്തിരുന്നെങ്കില്‍ അവരും മോചിപ്പിക്കപ്പെട്ടേനെ..സിംങ് പറഞ്ഞു.
മുപ്പത്തിരണ്ടാമത്തെ വയസ്സില്‍ സിംങ് അറസ്റ്റിലാകുമ്പോള്‍ ഭാര്യ പരംജീതിന് മുപ്പത് വയസ്സായിരുന്നു. ഏഴും മൂന്നും ഒന്നും വയസ്സുള്ള മൂന്നു കുട്ടികളുമുണ്ടായിരുന്നു. അതിന്‌ശേഷം ചൊവ്വാഴ്‌ചയാണ് പരംജീതും സിംങും പരസ്‌പരം കാണുന്നത്.
സിംങ് മോചിതനാകുന്നുവെന്നറിഞ്ഞ വെള്ളിയാഴ്‌ചതന്നെ പരംജീതും മക്കളും അമൃത് സറില്‍ അദ്ദേഹത്തെ സ്വീകരിക്കാനായി എത്തിയിരുന്നു. മൂത്തമകന്‍ അമര്‍ജീത് സിംങ് ഇറ്റലിയില്‍ ജോലി ചെയ്യുന്നു. രണ്ടാമന്‍ ശശ്‌പാല്‍ സിംങ് കര്‍ഷകവൃത്തിയുമായി പഞ്ചാബില്‍ അമ്മയ്‌ക്കൊപ്പം കഴിയുന്നു. ഇളയത് മകളാണ് മഞ്‌ജിത് കൗര്‍.












Click it and Unblock the Notifications