കണ്ണൂര്‍ കൊലപാതകം മൂന്നായി
തലശേരി സിപിഎം പ്രവര്‍ത്തകന്‍ രഞ്ജിത്ത് വെട്ടേറ്റ് മരിച്ചതിനു പിന്നാലെ രണ്ട് ആര്‍എസ്എസുകാര്‍ കൂടി കൊല്ലപ്പെട്ടതോടെ കണ്ണൂര്‍ രാഷ്ട്രീയം വീണ്ടും ചോരയില്‍ കുളിക്കുന്നു.
ആര്‍എസ്എസ് പ്രവര്‍ത്തകരായ നിജില്‍, പാച്ചപ്പൊയ്കയില്‍ സന്തോഷ് എന്നിവരാണ് വെട്ടേറ്റ് മരിച്ചത്.
ഗുരുതരമായ പരിക്കുകളോടെ മറ്റ് രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകരെ തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കണ്ണോളിമ്മല്‍ രഞ്ജിത്ത്, പാറാംകുന്ന് വിനയന്‍ എന്നിവരാണ് ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ കഴിയുന്നവര്‍.
ആര്‍എസ്എസ് താലൂക്ക് ശാരീരിക പ്രമുഖിനെ ആക്രമിച്ചതിനെ തുടര്‍ന്നാണ് അക്രമം പടര്‍ന്നു പിടിച്ചത്. തുടര്‍ന്ന് ഓട്ടോറിക്ഷാ ഡ്രൈവറായ ഒരു സിപിഎം പ്രവര്‍ത്തകനെ ആര്‍എസ്എസുകാര്‍ ഓട്ടോ തടഞ്ഞു നിര്‍ത്തി വെട്ടിക്കൊന്നു.
ഇതിനു പകരമായാണ് രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകരെ സിപിഎമ്മുകാര്‍ കൊലപ്പെടുത്തിയത്. പകരത്തിന് പകരം കൊന്ന് അംഗസംഖ്യ തികയ്ക്കാന്‍ ഇരു വിഭാഗത്തിലെയും കൊലയാളി സംഘങ്ങള്‍ അഴിഞ്ഞാടിയ പഴയൊരു ഡിസംബറിന്റെ ഭീതി വീണ്ടും കണ്ണൂരിലേയ്ക്ക് മടങ്ങിയെത്തുകയാണ്.
ചോര കൊതിക്കുന്ന മഴുവുമേന്തി ആര്‍എസ്എസിന്റെയും സിപിഎമ്മിന്റെയും കൊലപാതക സ്ക്വാഡുകള്‍ വീണ്ടും കണ്ണൂരിന്റെ തെരുവുകളില്‍ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. അപരാധികളും നിരപരാധികളുമായ രാഷ്ട്രീയ പ്രവര്‍ത്തകരുടെ കഴുത്തു തേടി കൊലവിളിയുമായി അവര്‍ പാഞ്ഞു നടക്കുമ്പോള്‍ ഇനിയെത്ര പേര്‍ കൂടി രക്തസാക്ഷികളുടെയും ബലിദാനികളുടെയും പട്ടികയില്‍ സ്ഥാനം പിടിക്കുമെന്നറിയാതെ കണ്ണൂര്‍ പിടയുകയാണ്.
അമ്മമാരുടെ, ഭാര്യമാരുടെ, മക്കളുടെ, സഹോദരങ്ങളുടെ നെഞ്ചിടിപ്പു കൂടുന്ന ഭീതിയുടെ ദിനരാത്രങ്ങള്‍ കണ്ണൂരിലേയ്ക്ക് തിരിച്ചു വരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()












Click it and Unblock the Notifications