യുവതിയെ ജീവനോടെ ചുട്ടെരിച്ചതായി പരാതി
ലഖ്‌നൊ: ഇരുപത്തിയൊന്നുകാരിയെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ ചേര്‍ന്ന് ജീവനോടെ ചുട്ടെരിച്ചുവെന്ന് ആരോപണം. ബുധനാഴ്‌ചയാണ് ഖദ്രയിലെ അവാദ് നഗറില്‍ ഫര്‍സാനയെന്ന യുവതി മരിച്ചത്.
സംഭവം ബുധനാഴ്‌ച നടന്നെങ്കിലും പൊലീസിന് പരാതി ലഭിച്ചത് വ്യാഴാഴ്‌ചയാണ്. യുവതിയെ ജീവനോടെ ചുട്ടെരിച്ചതാണെന്ന ആരോപണം നിലനില്‍ക്കുന്നുണ്ടെങ്കിലും യുവതി തീകൊളുത്തി ആത്മഹത്യ ചെയ്‌തതാണെന്നാണ് തെളിവുകളില്‍ നിന്നു മനസ്സിലാകുന്നതെന്നാണ് പൊലീസ് പറയുന്നത്.
രണ്ടാഴ്‌ച മുമ്പാണ് ഫര്‍സാനയും അബ്ദുള്‍ ഇര്‍ഫാന്‍ എന്നയുവാവും ഒളിച്ചോടി വിവാഹം ചെയ്‌തത്. പിന്നീട് ഒരു വാടകവീട്ടില്‍ ഇവര്‍ താമസവും തുടങ്ങി.
ബുധനാഴ്‌ച ഇര്‍ഫാന്റെ പിതാവ് ദമ്പതികള്‍ താമസിക്കുന്ന വീട്ടിലെത്തി ഇര്‍ഫാനോട് ഫര്‍സാനയെ ഉപേക്ഷിക്കാന്‍ നിര്‍ദ്ദേശിച്ചു. പിതാവിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി ഒടുവില്‍ ഇര്‍ഫാന്‍ ഭാര്യയെ ഉപേക്ഷിച്ച് കുടുംബത്തിനൊപ്പം പോകാന്‍ തയ്യറായി.
തുടര്‍ന്ന് ഇര്‍ഫാന്റെ വീട്ടുകാര്‍ വിവാരം ഫര്‍സാനയുടെ വീട്ടുകാരെ അറിയിക്കുകയും യുവതിയെ തിരിച്ചുകൊണ്ടുപോകാന്‍ ആവശ്യപ്പെടുകയും ചെയ്‌തു. എന്നാല്‍ വീട്ടുകാര്‍ സ്ഥലത്തെത്തുന്നതിന് മുമ്പുതന്നെ ഫര്‍സാന മുറയില്‍ കയറി മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു- ഇങ്ങനെയാണ് സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്.
ഗുരുതരമായി പൊള്ളലേറ്റ ഫര്‍സാനയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് ഫര്‍സാനയുടെ പിതാവ് ഇര്‍ഫാന്റെ കുടുംബം തന്റെ മകളെ ചുട്ടെരിക്കുകയായിരുന്നുവെന്ന് ആരോപിച്ച് പൊലീസില്‍ പരാതി നല്‍കിയത്.
സാഹചര്യത്തെളിവുകള്‍ പ്രകാരം സംഭവം ആത്മഹത്യയാണെന്നാണ് പറയുന്നതെങ്കിലും കേസിനെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടന്നുവരുകയാണെന്ന് പൊലീസ് അറിയിച്ചു.












Click it and Unblock the Notifications