ചാരനല്ല, കശ്മീര്‍ സിംഗ് കളം മാറ്റി
ദില്ലി: താന്‍ മിലിട്ടറി ഇന്റലിജന്‍സിനു വേണ്ടി പാകിസ്ഥാനില്‍ ചാരനായി പ്രവര്‍ത്തിച്ചിരുന്നുവെന്ന് കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തിയ കശ്മീര്‍ സിംഗ് പറഞ്ഞത് വിഴുങ്ങി. തന്റെ വാക്കുകള്‍ വളച്ചൊടിക്കുകയായിരുന്നുവെന്നും ചാരനായിരുന്നുവെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും മുപ്പത്തഞ്ചു വര്‍ഷം പാകിസ്ഥാനില്‍ ജയിലില്‍ കിടന്നതിനു ശേഷം മോചിതനായ കശ്മീര്‍ സിംഗ് പറഞ്ഞു.
താന്‍ ചാരനായിരുന്നുവെന്ന കശ്മീരിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് കശ്മീരിനെ മോചിപ്പിച്ചതിന്റെ പേരില്‍ താന്‍ വിമര്‍ശനങ്ങള്‍ നേരിടുകയാണെന്നും കശ്മീരിന്റെ വെളിപ്പെടുത്തല്‍ പാകിസ്ഥാന്‍ ജയിലുകളിലെ ഇന്ത്യക്കാരുടെ മോചന സാധ്യതകളെ ബാധിക്കുമെന്നും പാകിസ്ഥാന്‍ മനുഷ്യാവകാശ മന്ത്രി അന്‍സാര്‍ ബൂര്‍ണി പറഞ്ഞിരുന്നു. ഇതോടെയാണ് കശ്മീര്‍ പുതിയ പ്രസ്താവനയുമായി രംഗത്തെത്തിയത്.
ചാരനായിരുന്നുവെന്ന് പറഞ്ഞിട്ടില്ലെന്നും നിയമവിരുദ്ധമായി പണമുണ്ടാക്കാനാണ് താന്‍ പാകിസ്ഥാനിലേക്ക് പോയതെന്ന് മാത്രമാണ് പറഞ്ഞതെന്നുമാണ് കശ്മീരിന്റെ പുതിയ പ്രസ്താവന.
കശ്മീര്‍ സിംഗ് ചാരനാണോ അല്ലയോ എന്ന് തനിക്കറിയില്ലായിരുന്നു. പാകിസ്ഥാന്‍ ജയിലുകളില്‍ 35 വര്‍ഷത്തോളം തടവില്‍ കഴിഞ്ഞ അയാളെ മോചിപ്പിച്ചത് മാനുഷികമായ പരിഗണനയുടെ അടിസ്ഥാനത്തിലാണ്. താന്‍ ചാരനാണെന്ന് കശ്മീരിനെ ആരെങ്കിലും പറയിപ്പിച്ചതാണോ എന്നറിയില്ല. അതെന്തായാലും കശ്മീരിന്റെ പ്രസ്താവന പാകിസ്ഥാനിലെ ഇന്ത്യന്‍ തടവുകാരെയും ഇന്ത്യയിലെ പാകിസ്ഥാന്‍ തടവുകാരെയും ബാധിക്കും- അന്‍സാര്‍ ബൂര്‍ണി പറഞ്ഞു.
പാക് മന്ത്രിയുടെ ഈ പ്രസ്താവനക്കു ശേഷമാണ് കശ്മീര്‍ താന്‍ നേരത്തെ പറഞ്ഞതൊക്കെ വിഴുങ്ങിയത്. കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ താന്‍ മിലിട്ടറി ഇന്റലിജന്‍സിനു വേണ്ടി ചാരനായി പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ഇറാനിലും പോയിട്ടുണ്ടെന്ന് കശ്മീര്‍ പറഞ്ഞിരുന്നു. എന്നാല്‍ തന്നെ ചാരനായി നിയോഗിച്ച ഓഫീസര്‍മാരുടെ പേരുകള്‍ വെളിപ്പെടുത്താന്‍ കശ്മീര്‍ വിസമ്മതിച്ചിരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications