മദ്യം നല്‍കി മാനഭംഗപ്പെടുത്തിയ കേസ്; രണ്ടുപേര്‍ അറസ്റ്റില്‍
മുംബൈ: കുടുംബ സുഹൃത്തിന്റെ ജന്മദിനപാര്‍ട്ടിയില്‍ പങ്കെടുത്ത ഇരുപത്തിയെട്ടുകാരിയെ മദ്യം നല്‍കി മാനഭംഗപ്പെടുത്തിയ കേസിലെ മൂന്നു പ്രതികളില്‍ രണ്ടുപേര്‍ അറസ്റ്റിലായി.
പ്രസാദ് ജവോകര്‍, രാംദാസ് ചവാന്‍ എന്നിവരാണ് അറസ്‌റ്റിലായതെന്ന് പൊലീസ് അറിയിച്ചു. വിരാര്‍ സ്വദേശികളായ ഇവരെ താനെ കോടതി മാര്‍ച്ച് 13വരെ പൊലീസ് കസ്റ്റഡിയില്‍ റിമാന്റ് ചെയ്‌തു. മൂന്നാമത്തെ പ്രതിയെ ഇതുവരെ കണ്ടെത്താനും തിരിച്ചറിയാനും കഴിഞ്ഞിട്ടില്ല.
പൂനെയില്‍ നിന്നുള്ള സാമുഹ്യ പ്രവര്‍ത്തയായ യുവതിയാണ് അടുത്തയിടെ സുഹൃത്തിന്റ ജന്മദിനപ്പാര്‍ട്ടിയ്‌ക്കിടെ മാനഭംഗത്തിനിരയായത്. അമ്പതുകാരനായ ജിനോഹ് പട്ടേല്‍ എന്നയാളുടെ സെന്‍ട്രല്‍ പാകിലെ വസതിയിലാണ് ഫെബ്രുവരി 21ന് ജന്മദിന പാര്‍ട്ടി നടന്നത്.
പട്ടേല്‍ യുവതിയെയും തന്റെ മൂന്നു പുരുഷ സുഹൃത്തുക്കളെയും ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാനായി ക്ഷണിച്ചിരുന്നു. വൈകീട്ട് നടന്ന ആഘോഷത്തിനിടെ പ്രതികള്‍ യുവതിയ്‌ക്ക് കുടിയ്‌ക്കാന്‍ മദ്യം നല്‍കിയെങ്കിലും യുവതിയത് സ്വീകരിക്കാതെ ഗ്ലാസ് തട്ടിയെറിഞ്ഞു.
തുടര്‍ന്ന് മൂന്നുപേരും ചേര്‍ന്ന് യുവതിയെ മര്‍ദ്ദിച്ച് അവശയാക്കി ബലമായി മദ്യം കുടിപ്പിച്ചു. തുടര്‍ന്ന് പാതിമയക്കത്തിലായ യുവതിയെ ജവോകര്‍ കിടപ്പുമുറിയിലേയ്‌ക്ക് വലിച്ചുകൊണ്ടുപോയി മാനഭംഗപ്പെടുത്തി. ഇതിനകംതന്നെ മദ്യപിച്ച് വശം കെട്ട പട്ടേലിന് കാര്യങ്ങളൊന്നും അറിയാന്‍ സാധിച്ചില്ല- സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെയാണ്.
അര്‍ദ്ധബോധാവസ്ഥയിലായ യുവതിയ്‌ക്ക് മുന്നുപേരെയും കൃത്യമായി തിരിച്ചറിയാന്‍ കഴിഞ്ഞില്ല. എന്നാല്‍ ജവോക്കറുടെ ശബ്ദം അവര്‍ നല്ലതുപോലെ ഓര്‍ത്തിരുന്നു. മൂന്നുപേരം നടത്തിയ ലൈംഗിക ചൂഷണത്തില്‍ യുവതിയുടെ ശരീരത്തിന് ക്ഷതമേറ്റിരുന്നു. അക്രമം നടന്ന് ഏറെ നേരം കഴിഞ്ഞ് ബോധം വന്നപ്പോഴാണ് തന്റെ വസ്‌ത്രങ്ങള്‍ കീറിയിരിക്കുന്നത് കണ്ട് യുവതി താന്‍ പീഡിപ്പിക്കപ്പെട്ടുവെന്ന് മനസ്സിലാക്കിയത്. പട്ടേലിനോട് കാര്യം ചോദിച്ചുവെങ്കിലും അയാള്‍ക്ക് ഒന്നുമറിയില്ലെന്ന മറുപടിയാണ് യുവിതയ്‌ക്ക് ലഭിച്ചത്.
ഇതിനിടെ രാത്രിയില്‍ യുവതിയെ ബന്ധപ്പെടാന്‍ ശ്രമിച്ച് കിട്ടാതിരുന്ന ഒരു സുഹൃത്ത് അവരെ കാണാനില്ലെന്ന് കാണിച്ച് പൊലീസില്‍ പരാതി നല്‍കിയിരുന്നു. യുവതിയെ കണ്ടെത്തിയ പൊലീസ് അവരെ വൈദ്യ പരിശോധനയ്‌ക്ക് വിധേയയാക്കുകയും ബലാല്‍സംഗം നടന്നെന്ന് വ്യക്തമായതോടെ മാനഭംഗക്കേസ് രജിസ്‌റ്റര്‍ ചെയ്‌ത് അന്വേഷണം നടത്തുകയുമായിരുന്നു.












Click it and Unblock the Notifications