സംഘര്‍ഷത്തിന് അയവ്; തലശേരി ശാന്തമാകുന്നു
കണ്ണൂര്‍: നാലുദിവസമായി സംഘര്‍ഷം നിലനില്‍ക്കുന്ന തലശേരി സമാധാനത്തിലേയ്‌ക്ക് തിരിച്ചുവരുന്നു. സമാധാനം പുനസ്ഥാപിക്കാനുള്ള ആഹ്വാനങ്ങള്‍ പലഭാഗത്തുനിന്നും വന്നുതുടങ്ങിയതോടെ നാട്ടുകാരും പ്രതീക്ഷയിലാണ്.
ശനിയാഴ്‌ച രാവിലെ ഏഴുമണിയ്‌ക്കുശേഷം അനിഷ്ടസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. കൊലപാതകങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിന് പ്രത്യേക പൊലീസ് സംഘത്തെ രൂപീകരിച്ചു. മുന്‍കരുതല്‍ എന്ന നിലയില്‍ പൊലീസ് ഇതേവരെ 59പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
നാലു ദിവസത്തിനുള്ളില്‍ ഏഴ് കൊലപാതകവും വ്യാപകമായ അക്രമങ്ങളും നടന്ന തലശേരിയില്‍ ഉന്നതനേതാക്കളും പൊലീസുദ്യോഗസ്ഥരും ചേര്‍ന്ന് ഊര്‍ജിതമായി സമാധാന ചര്‍ച്ചകള്‍ തുടങ്ങി. ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ ശനിയാഴ്‌ച വൈകീട്ട് തലശേരിയിലെത്തി ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി.
സിപിഎം, ബിജെപി, ആര്‍എസ്‌എസ് പ്രതിനിധികള്‍ ഉള്‍പ്പെട്ട സമാധാനയോഗം ആഭ്യന്തരമന്ത്രിയുടെ നേതൃത്വത്തില്‍ ഞായറാഴ്‌ച കണ്ണൂര്‍ ഗസ്‌റ്റിഹൗസില്‍ ചേരുന്നുണ്ട്. ആയിരത്തോളം പൊലീസുകാര്‍ തലശേരി മേഘലയിലുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
സിപിഎം, ബിജെപി നേതാക്കളുമായി ആഭ്യന്തരമന്ത്രി ശനിയാഴ്‌ച വൈകീട്ട് കളക്ടറേറ്റില്‍ ചര്‍ച്ച നടത്താനാണ് നിശ്ചയിച്ചിരുന്നതെങ്കിലും ബിജെപി-ആര്‍എസ്‌എസ് നേതാക്കള്‍ എത്താത്തതിനെത്തുടര്‍ന്നാണ് ചര്‍ച്ച ഞായറാഴ്‌ചത്തേയ്‌ക്ക് മാറ്റിയത്. ഇരുവിഭാഗം നേതാക്കളുമായി കളക്ടറും എസ്‌പിയും വെള്ളിയാഴ്‌ച പ്രത്യേകം പ്രത്യേകം നടത്തിയ ചര്‍ച്ചയിലാണ് ശനിയാഴ്‌ച വൈകീട്ട് ഒന്നിച്ചിരിക്കാന്‍ തീരുമാനമായത്. എന്നാല്‍ ശനിയാഴ്‌ച യോഗത്തിനെത്താന്‍ അസൗകര്യമുണ്ടെന്ന് ബിജെപി ആര്‍എസ്‌എസ് നേതാക്കള്‍ അറിയിക്കുകയായിരുന്നു.
എഡിജിപി ജംഗ്‌പാംഗി ശനിയാഴ്‌ച തലശേരിയില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ത്തു. അക്രമികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും റെയ്‌ഡുകള്‍ ശക്തമാക്കാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.
ജില്ലയില്‍ സമാധാനം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഞായറാഴ്‌ച പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ ഉപവാസം നടക്കും. ജില്ലയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ വിവിധ രാഷ്ട്രീയ സാമൂഹിക മത സംഘടനകള്‍ ആഹ്വാനം ചെയ്‌തിട്ടുണ്ട്. സമാധാനസന്ദേശം പ്രചരിപ്പിക്കാനും ശാന്തിയാത്ര നടത്താനും സന്നദ്ധസംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications