നവജാതശിശുക്കള്‍ ഇന്‍ക്യൂബേറ്ററില്‍ വെന്തുമരിച്ചു
ദില്ലി: അഹമ്മദാബാദിലെയും ദില്ലിയിലെയും രണ്ട് ആശുപത്രികളിലെ ഇന്‍ക്യൂബേറ്ററുകളില്‍ നടന്ന അപകടങ്ങളില്‍ രണ്ടു നവജാത ശിശുക്കള്‍ വെന്തുമരിച്ചു.
ദില്ലിയില്‍ അഞ്ചുദിവസം പ്രായമുള്ള പെണ്‍ കുഞ്ഞും അഹമ്മദാബാദില്‍ മൂന്നു ദിവസം പ്രായമുള്ള ആണ്‍കുഞ്ഞുമാണ് ഷോര്‍ട് സര്‍ക്യൂട്ടിനെത്തുടര്‍ന്ന് ഇന്‍ക്യുബേറ്ററില്‍ വെന്തുമരിച്ചത്.
വടക്കന്‍ ദില്ലിയിലെ പീതംപുരയിലുള്ള ഭഗവാന്‍ മഹാവീര്‍ സര്‍ക്കാര്‍ ആശുപത്രിയിലുണ്ടായ അപകടത്തിലാണ് പെണ്‍കുഞ്ഞ് വെന്തുമരിച്ചത്. സംഭവത്തെത്തുടര്‍ന്ന് അന്വേഷണ വിധേയമായി ഡ്യൂട്ടി ഡോക്ടര്‍ ഉള്‍പ്പെടെ മൂന്നുപേരെ സസ്‌പെന്റ് ചെയ്‌തു. ഷക്കര്‍പൂര്‍ സ്വദേശിയായ പ്രകാശ് കുമാര്‍ എന്നയാളുടെ കുഞ്ഞാണ് മരിച്ചത്.
കുഞ്ഞിന് പൂര്‍ണ്ണവളര്‍ച്ചയെത്താതെയാണ് കുഞ്ഞിനെ പ്രസവിച്ചത്. തൂക്കക്കുറവും മഞ്ഞപ്പിത്തവുമുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് കുഞ്ഞിനെ ഇന്‍ക്യുബേറ്ററിലേയ്‌ക്ക് മാറ്റിയത്. കുട്ടി തൊട്ടിലില്‍ കിടക്കുമ്പോഴാണ് അപകടമുണ്ടായത്. കുട്ടിയുടെ നിര്‍ത്താതെയുള്ള കരച്ചില്‍ കേട്ട് നഴ്‌സുമാരെ വിവരമറിയിച്ചെങ്കിലും വിശന്നിട്ടാണെന്ന് പറഞ്ഞ് തള്ളിക്കളയുകയായിരുന്നുവെന്ന് പ്രകാശ് പറയുന്നു.
അപകടം നടന്നെന്ന് മനസ്സിലായിട്ടും ആശുപത്രി അധികൃതര്‍ നടപടിയെടുക്കാന്‍ വൈകിക്കുകയായിരുന്നുവെന്നും പ്രകാശ് ആരോപിച്ചു. ഉപകരണം പുതിയതാണെന്നും നല്ല പ്രവര്‍ത്തനക്ഷമതയുള്ളതുമാണെന്നുമാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.
അഹമ്മദാബാദിലെ മുന്‍സിപ്പല്‍ ശാര്‍ദാബെന്‍ ആശുപത്രിയില്‍ പുലര്‍ച്ചെ 4.15ന് നടന്ന അപകടത്തിലാണ് കുഞ്ഞ് വെന്തുമരിച്ചത്. ആശുപത്രിയിലെ മറ്റ് മൂന്ന് ഇന്‍ക്യൂബേറ്ററുകളിലും തീ പടര്‍ന്നെങ്കിലും കുട്ടികളെ പെട്ടന്ന് മാറ്റിയതിനാല്‍ അപകടങ്ങള്‍ ഒഴിവായി.
പത്തുവര്‍ഷം കാത്തിരുന്ന് കിട്ടിയ കുഞ്ഞിനെയാണ് നഷ്ടപ്പെട്ടതെന്ന് മാതാപിതാക്കള്‍ പറഞ്ഞു. അപകടത്തെത്തുടര്‍ന്ന് കുഞ്ഞിന്റെ അമ്മയ്‌ക്ക് ആഘാതം വിട്ടുമാറിയിട്ടില്ല.
സംഭവത്തെത്തുടര്‍ന്ന് അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കത്തിയ ഉപകരണം ഫോറന്‍സിക് പരിശോധനയ്‌ക്ക് അയയ്‌ക്കും. കുഞ്ഞിനെ നഷ്ടപ്പെട്ട ദമ്പതികള്‍ക്ക് 50,000 രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് നരേന്ദ്രമോഡി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.












Click it and Unblock the Notifications