എയര്‍ കേരളയ്‌ക്ക് അന്താരാഷ്ട്ര സര്‍വീസിന് അനുമതിയില്ല
ദില്ലി: കേരള സര്‍ക്കാര്‍ ആരംഭിയ്‌ക്കുന്ന വിമാനക്കമ്പനിയായ എയര്‍ കേരളയിലൂടെ നാട്ടിലേക്ക് ചുരുങ്ങിയ ചെലവില്‍ യാത്ര സ്വപ്‌നം കണ്ടിരുന്ന ഗള്‍ഫ് മലയാളികള്‍ക്ക് തിരിച്ചടി.
എയര്‍ കേരളയ്‌ക്ക് തുടക്കത്തില്‍ അന്താരാഷ്ട്ര സര്‍വീസിനുള്ള അനുമതി നല്‌കാന്‍ കഴിയില്ലെന്ന് വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേല്‍ വ്യക്തമാക്കിയതോടെയാണ് ലക്ഷക്കണക്കിന് വരുന്ന ഗള്‍ഫ് മലയാളികള്‍ക്ക് തിരിച്ചടിയായിരിക്കുന്നത്.
ഗള്‍ഫിലേക്കുള്ള യാത്രാനിരക്കില്‍ വന്‍ തുകയാണ് വിമാനക്കമ്പനികള്‍ ഈടാക്കുന്നതെന്ന ആരോപണം നിലനില്‌ക്കവെയാണ് കേരള സര്‍ക്കാര്‍ സ്വകാര്യ പങ്കാളിത്തത്തോടെ പുതിയ വിമാനക്കമ്പനി തുടങ്ങുന്ന കാര്യം പ്രഖ്യാപിച്ചിരുന്നത്.
പുതുതായി ആരംഭിയ്‌ക്കുന്ന കമ്പനി ആദ്യത്തെ അഞ്ചു വര്‍ഷം ആഭ്യന്തര സര്‍വീസുകള്‍ നടത്തേണ്ടി വരും. പിന്നീട് മാത്രമേ അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് അനുമതി നല്‌കുന്ന കാര്യം ആലോചിയ്‌ക്കാന്‍ കഴിയുവെന്ന് മന്ത്രി പറഞ്ഞു.
ലോക്‌സഭയില്‍ എന്‍. എന്‍ കൃഷ്‌ണദാസ് എംപിയുടെ ചോദ്യത്തിന് മറുപടി നല്‌കുകയായിരുന്നു വ്യോമയാന മന്ത്രി.
ഗള്‍ഫ് മേഖലയിലേക്കുള്ള നിരക്കുകള്‍ കുറയ്‌ക്കുന്ന കാര്യത്തില്‍ സര്‍ക്കാരിന് ഇടപെടാന്‍ കഴിയില്ല. അതെ സമയം ഒട്ടേറെ വിമാനകക്കമ്പനികള്‍ ഗള്‍ഫിലേക്ക് വിമാന സര്‍വീസുകള്‍ ആരംഭിച്ചിട്ടുണ്ട്.
ഇതോടെ യാത്ര നിരക്കുകള്‍ കുറയാന്‍ സാധ്യതയുണ്ടെന്ന് മന്ത്രി പറഞ്ഞു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും കൂടുതല്‍ സ്വകാര്യ വിമാന സര്‍വീസുകള്‍ ആരംഭിയ്‌ക്കുമെന്നും മന്ത്രി പ്രസ്‌താവിച്ചു.












Click it and Unblock the Notifications