ഭാര്യയെ അയച്ച് ബ്രിഗേഡിയര്‍ സ്വാധീനിയ്‌ക്കാന്‍ ശ്രമിച്ചെന്ന് ജഡ്‌ജി
ദില്ലി: അഴിമതിയാരോപണം മൂലം സ്ഥാനക്കയറ്റം തടയപ്പെട്ട ബ്രിഗേഡിയര്‍ ഭാര്യയെ അയച്ച് ജഡ്‌ജിയെ സ്വാധീനിയ്‌ക്കാന്‍ ശ്രമിച്ചു.
സൈന്യത്തിനുള്ള റേഷന്‍ ഇടപാടില്‍ കൃത്രിമം നടത്തിയെന്ന കുറ്റമാരോപിയ്‌ക്കപ്പെട്ട ബ്രിഗേഡിയര്‍ എസ്.കെ ഹണ്ടയാണ് ജഡ്‌ജിയെ സ്വാധീനിയ്‌ക്കാന്‍ ഭാര്യയെ അയച്ചത്. ഇക്കാര്യം കോടതിയില്‍ വെളിപ്പെടുത്തിയ ജഡ്‌ജി വാദം കേള്‍ക്കുന്നതില്‍ നിന്നും സ്വയം പിന്‍മാറുന്നതായും അറിയിച്ചു.
ഭാര്യയെ വീട്ടിലേക്കയച്ച ബ്രിഗേഡിയറുടെ നടപടിയെ ജസ്‌റ്റിസ് എ.കെ സിക്രി രൂക്ഷമായി വിമര്‍ശിച്ചു.
നിങ്ങളുടെ ഭാര്യ എന്നെ കാണാനെത്തിയപ്പോള്‍ ഞാന്‍ ഹരിദ്വാറിലായിരുന്നു. എന്നോട് പറയാനുള്ളതെല്ലാം വീട്ടിലെത്തിയല്ല, കോടതിയിലാണ് പറയേണ്ടതെന്നും ജഡ്‌ജി പറഞ്ഞു.
വകുപ്പു തലത്തിലുള്ള തടസം നീക്കി തന്നെ മേജര്‍ ജനറലായി നിയമിക്കണമെന്ന ഹണ്ടയുടെ പരാതിയില്‍ വാദം കേള്‍ക്കുന്നതിനിടെ കോടതിയിലുണ്ടായിരുന്നയെല്ലാവരെയും ഞെട്ടിച്ചു കൊണ്ടാണ് ജഡ്‌ജി ഇക്കാര്യം വെളിപ്പെടുത്തിയത്.
സ്വന്തം അഭിഭാഷകന്‍ അറിയാതെയാണ് ബ്രിഗേഡിയര്‍ ഭാര്യയെ വീട്ടിലേക്കയച്ചതെന്നും ജഡ്‌ജി പറഞ്ഞു. ഇതിനെത്തുടര്‍ന്ന് കേസില്‍ നിന്നും താന്‍ പിന്‍മാറുകയാണെന്നും ഹണ്ടയുടെ അഭിഭാഷകനും അറിയിച്ചിട്ടുണ്ട്.
2005ല്‍ റേഷന്‍ വിതരണത്തിലെ അഴിമതി അന്വേഷണം നേരിടുന്നതു മൂലമാണ് ഹണ്ടയ്‌ക്ക് ഉദ്യോഗക്കയറ്റം നിഷേധിച്ചിട്ടുണ്ടായിരുന്നത്.












Click it and Unblock the Notifications