പാനൂരില്‍ ബോംബുകളും ആയുധവും കണ്ടെടുത്തു
തലശേരി: പാനൂര്‍ മേഖലകളില്‍ നടത്തിയ റെയ്‌ഡില്‍ പൊലീസ് ബോംബുകളും സ്‌ഫോടകവസ്‌തുക്കളും ആയുധങ്ങളും പിടികൂടി.
കുണ്ടുചിറ അണക്കെട്ടിന് സമീപം കൈതക്കാട്ടില്‍ സൂക്ഷിച്ച നിലയിലാണ് ഏഴ് നാടന്‍ ബോംബുകള്‍ സ്‌ഫോടകവസ്‌തു നിര്‍മ്മാണ സാമഗ്രികള്‍, രണ്ടുവാളുകള്‍ എന്നിവ കണ്ടെത്തിയത്. ഉഗ്രശേഷിയുള്ളവയാണ് ബോംബുകള്‍. ഇവയ്‌ക്ക് അധികം പഴക്കമില്ല.
ചാക്കില്‍കെട്ടിയനിലയിലാണ് ഇവകണ്ടെത്തിയത്. ചൊക്ലി സ്റ്റേഷന്‍ പരിധിയിലെ പൊന്ന്യം കുണ്ടുചിറയിലും കൊളവല്ലൂര്‍ സ്റ്റേഷന്‍ പരിധിയിലെ കുന്നോത്തുപറമ്പിലുമാണ് ആയുധങ്ങള്‍ പിടികൂടിയത്.
വാളുകളില്‍ ഒന്ന് വലുതും മറ്റൊന്ന് ചെറുതുമാണ്. വലുത് തുരുമ്പെടുത്തിട്ടുണ്ട്. പൊന്നാനി സിഐ കെഎസ് സുദര്‍ശന്റെ നേതൃത്വത്തിലാണ് റെയ്‌ഡ് നടന്നത്. ബോംബുകള്‍ ചൊക്ലി സ്‌റ്റേഷനില്‍ നിര്‍വ്വീര്യമാക്കി.
കുണ്ടുചിറയില്‍ സ്‌ഫോടകവസ്‌തുക്കളും ആയുധങ്ങളും കണ്ടെടുത്ത സ്ഥലം ബോംബ് നിര്‍മ്മാണകേന്ദ്രമാണോയെന്ന് സംശയമുണ്ട്. ബോംബ് നിര്‍മ്മിക്കാനുപയോഗിക്കുന്ന നൂല്‍, ആണികള്‍, വെടിമരുന്ന്, കുപ്പിച്ചില്ല് എന്നിവയുടെ വന്‍ശേഖരമാണ് അവിടെ കണ്ടെത്തിയത്.
കൊളവല്ലൂര്‍ സ്റ്റേഷന്‍ പരിധിയിലെ കുന്നോത്തുപറമ്പില്‍ നടന്ന റെയ്‌ഡില്‍ നാല് നാടന്‍ ബോംബുകളും ഒരു വാള്‍ ഒരു ഇരുമ്പുദണ്ഡ് എന്നിവയുമാണ് കണ്ടെടുത്തത്. ബോംബുകളും ആയുധകങ്ങളും കുന്നോത്ത് പറമ്പ് കൃഷിഭവന്‍ ഓഫീസിന്റെ ടെറസില്‍ സൂക്ഷിച്ച നിലയിലായിരുന്നു.
പൊതിച്ച തേങ്ങയോളം വലിപ്പമുള്ളതാണ് പിടികൂടിയ ബോംബുകള്‍. ചൊക്ലിയിലും കൊളവല്ലൂരിലും വിവിധ പ്രദേശങ്ങളില്‍ ആയുധങ്ങള്‍ക്കായി വ്യാപക തെരച്ചില്‍ നടത്തി. എന്നാല്‍ മറ്റൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
കൊലപാതകമടക്കമുള്ള അക്രമക്കേസുകളിലെ പ്രതികള്‍ക്കായും തെരച്ചില്‍ തുടരുന്നുണ്ട്. ഇതുവരെ ആരെയും അറസ്റ്റു ചെയ്‌തിട്ടില്ല. പലസംഭവങ്ങളിലും ദൃക്‌സാക്ഷികള്‍ കുറവാണ്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications