പൗരന് രാജ്യത്തെവിടെയും താമസിയ്‌ക്കാമെന്ന് സുപ്രീം കോടതി
ദില്ലി: ഏതൊരു ഇന്ത്യന്‍ പൗരനും രാജ്യത്തിന്റെ ഏതു ഭാഗത്തു വേണമെങ്കിലും സ്ഥിര താമസമാക്കാന്‍ അവകാശമുണ്ടെന്ന് സുപ്രീം കോടതി വിധിച്ചു.
ഇന്ത്യയില്‍ വ്യത്യസ്‌ത തരം പൗരത്വങ്ങളില്ല, ഏക പൗരത്വം മാത്രമാണുള്ളത്. അതിനാല്‍ രാജ്യത്തെവിടെ പോകാനും ജോലിയെടുക്കാനും സ്ഥിര താമസമാക്കാനും പൗരന് അവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കി.
ജൈനമതക്കാരുടെ ഉത്സവത്തോടനുബന്ധിച്ച് ഒമ്പതു ദിവസത്തേക്ക് ഗുജറാത്തില്‍ മാംസ വില്‌പന നിരോധിച്ച ഗുജറാത്ത് സര്‍ക്കാരിന്റെ നടപടിയെ ശരിവെയ്‌ക്കുന്ന വിധി ന്യായത്തിലാണ് കോടതി ഈ നീരിക്ഷണങ്ങള്‍ നടത്തിയത്.
അടുത്തിടെ മഹാരാഷ്ട്രയില്‍ നവനിര്‍മാണ്‍ സേന ഉത്തരേന്ത്യക്കാര്‍ക്കെതിരെ വ്യാപക അക്രമങ്ങള്‍ അഴിച്ചു വിട്ടിരുന്നു. മണ്ണിന്റെ മക്കള്‍ വാദമാണ് രാജ് താക്കറെയുടെ നേതൃത്വത്തിലുള്ള എംഎന്‍എസ് അന്ന് ഉന്നയിച്ചിരുന്നത്. ഈ സാഹചര്യത്തില്‍ സുപ്രീം കോടതിയുടെ പരാമര്‍ശങ്ങള്‍ വന്‍ പ്രാധാന്യമര്‍ഹിയ്‌ക്കുന്നുണ്ട്.
തങ്ങള്‍ക്ക് വിയോജിപ്പുള്ള കാര്യങ്ങളുടെ പേരില്‍ അക്രമ സംഭവങ്ങള്‍ രാജ്യത്ത് ഏറി വരികയാണെന്നും കോടതി പരാമര്‍ശിച്ചു. ജസ്‌റ്റിസുമാരായ എച്ച്.കെ സേമയും മാര്‍ക്കണ്ഡേയ കട്‌ജുവും അടങ്ങുന്ന രണ്ടംഗ ബഞ്ചില്‍ നിന്നാണ് സുപ്രധാനമായ പരാമര്‍ശമുണ്ടായിരിക്കുന്നത്












Click it and Unblock the Notifications