മുഷിഞ്ഞ നോട്ട് നല്‍കിയ വിദ്യാര്‍ത്ഥിയെ കണ്ടക്ടര്‍മാര്‍ മര്‍ദ്ദിച്ചു
മുംബൈ: പത്താംക്ലാസ് പരീക്ഷയെഴുതുന്ന പതിനഞ്ചുകാരന്റെ കൈ ബസ് കണ്ടക്ടര്‍മാര്‍ അടിച്ചൊടിച്ചു. മുംബൈ സ്വദേശിയയാ അമീഷ് ജയ്‌സിംഗാനിയയെയാണ് മുഷിഞ്ഞ് കീറിയ നോട്ട് നല്‍കിയതിന്റെ പേരില്‍ കണ്ടക്ടര്‍മാര്‍ സംഘം മര്‍ദ്ദിച്ച് കയ്യൊടിച്ചത്.
ശനിയാഴ്‌ച രാവിലെ പരീക്ഷയ്‌ക്ക് പോകാനായി മിറ റോഡില്‍ നിന്നാണ് അമീഷ് ബസില്‍ കയറിയത്. കണ്ടക്ടര്‍ ടിക്കറ്റിന് പണം ചോദിച്ചപ്പോള്‍ അമീഷ് കയ്യിലുണ്ടായിരുന്ന മുഷിഞ്ഞ അമ്പത് രൂപ നോട്ട് കൊടുത്തു. ചില്ലറ നല്‍കണമെന്നാവശ്യപ്പെട്ട് കണ്ടക്ടര്‍ അമീഷിനെ ആദ്യം ചീത്തവിളിച്ചു.
തുടര്‍ന്ന് അമീഷ് കയ്യിലുണ്ടായിരുന്ന നൂറ് രൂപാ നോട്ട് എടുത്ത് നീട്ടി. പിന്നീട് കണ്ടക്ടര്‍ അമീഷിന് ടിക്കറ്റ് നല്‍കിയെങ്കിലും ഇരുവരും തമ്മിലള്ള തര്‍ക്കം തുടര്‍ന്നു. അവസാന സ്റ്റോപ്പില്‍ ബസ് നിര്‍ത്തിയപ്പോള്‍ അമീഷ് ഇറങ്ങി. അപ്പോള്‍ മറ്റു ബസ്സുകളില്‍ നിന്നുള്ള കണ്ടക്ടര്‍മാരും അമീഷ് കയറിയ ബസ്സിലെ കണ്ടക്ടറും മര്‍ദ്ദിനം അഴിച്ചുവിടുകയായിരുന്നു.
തുടര്‍ന്ന് ഇടതുകൈ ഒടിഞ്ഞ നിലയില്‍ അമീഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെത്തുടര്‍ന്ന് അമീഷിന്റെ വീട്ടുകാര്‍ കണ്ടക്ടര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്. കയ്യൊടിഞ്ഞതിനാല്‍ ഒരു സഹായിയെവച്ച് പരീക്ഷയെഴുതാന്‍ അമീഷിന് അനുമതി ലഭിച്ചിട്ടുണ്ട്.
അമീഷിന് പരീക്ഷയ്‌ക്ക് പോകാനും തിരിച്ചുവരാനുമായി ഒരു കാറും ഒരു സഹായിയെയും മുനിസിപ്പല്‍ കോര്‍പ്പറേഷനാണ് അനുവദിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും മിറ ബയന്ദര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ ഡപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു.
അമീഷിന്റെ കയ്‌ക്കുണ്ടായ ക്ഷതം ഭേദപ്പെടാന്‍ രണ്ടുമാസമെങ്കിലും സമയമെടുക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എന്തായാലും ഈ സംഭവം തന്റെ ഭാവിയെ ബാധിക്കരുതെന്നും മറ്റൊരാളുടെ സഹായത്തോടെയാണെങ്കിലും പരീക്ഷ എഴുതുമെന്നുമാണ് അമീഷ് പറയുന്നത്.












Click it and Unblock the Notifications