കലാപങ്ങളുടെ സൂത്രധാരന്‍ ദലൈലാമയാണെന്ന് ചൈന
ബെയ്‌ജിങ്ങ്: ടിബറ്റില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തിനു പിന്നില്‍ ദലൈലാമയാണെന്ന് ചൈന കുറ്റപ്പെടുത്തി.
ലാമയ്‌ക്കെതിരെ ശക്തമായ തെളിവുണ്ടെന്ന് ചൈനീസ് പ്രധാനമന്ത്രി വെന്‍ ജിയബാവോ പറഞ്ഞു. അക്രമങ്ങളെ നിയമപരമായി മാത്രമാണ് ചൈന നേരിട്ടിട്ടുള്ളത്. ലാമ ആരോപിയ്‌ക്കുന്നതു പോലെ സാംസ്‌ക്കാരിക വംശഹത്യയല്ല അവിടെ നടക്കുന്നത്-വെന്‍ പറഞ്ഞു.
മാര്‍ച്ച് 10ന് പൊട്ടിപ്പുറപ്പെട്ട കലാപങ്ങളില്‍ ഇതുവരെ 13 പേര്‍ കൊല്ലപ്പെട്ടുവെന്ന് ചൈന വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ 80 ഓളം പേര്‍ കലാപങ്ങളില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ടിബറ്റന്‍ വംശജര്‍ പറയുന്നത്.
ടിബറ്റന്‍ പ്രശ്‌നത്തില്‍ ഐക്യരാഷ്ട്ര സഭ ഇടപെടില്ലെന്ന് സെക്രട്ടറി ജനറല്‍ ബാന്‍ കീ മൂണ്‍ വ്യക്തമാക്കിയിട്ടുണ്ട്. സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തില്‍ ദലൈലാമയുമായി ചൈന ചര്‍ച്ച നടത്തണമെന്ന് യുഎസ് വിദേശ കാര്യ സെക്രട്ടറി കോണ്ടലീസ് റൈസ് ആവശ്യപ്പെട്ടു. വളരെക്കാലമായി അമേരിക്ക ഇക്കാര്യം ആവശ്യപ്പെട്ടു വരികയാണെന്നും റൈസ് പറഞ്ഞു.
ഇതിനിടെ നേപ്പാളിലും ഇന്ത്യയിലും ചൈന വിരുദ്ധ പ്രക്ഷോഭങ്ങള്‍ തുടരുകയാണ്. ഒളിമ്പിക്‌സ് ആരംഭിയ്‌ക്കാന്‍ അഞ്ചു മാസങ്ങള്‍ ശേഷിക്കെ ടിബറ്റന്‍ കലാപം ചൈനയക്ക് തലവേദനയായിരിക്കുകയാണ്. ചൈനീസ് അധിനിവേശത്തിനെതിരായ ടിബറ്റന്‍ മുന്നേറ്റത്തിന്റെ 49 വാര്‍ഷികത്തോടനുബന്ധിച്ചാണ് ഇപ്പോള്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications