ആര്യാടനെതിരെ മുസ്ലീം ലീഗ് രംഗത്ത്
നിലമ്പൂര്‍: കോണ്‍ഗ്രസ് നേതാവ് ആര്യാടന്റെ വിവാദ പ്രസ്‌താവനയെ തുടര്‍ന്ന് ലീഗും കോണ്‍ഗ്രസും തമ്മിലുള്ള ബന്ധം വഷളാകുന്നു.
ഡിസിസി നേതൃ ക്യാന്പ് ഉദ്‌ഘാടനം ചെയ്‌ത് ആര്യാടന്‍ കഴിഞ്ഞ ഞായറാഴ്‌ച നടത്തിയ പ്രസ്‌താവനയാണ് ലീഗ് പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്. മണ്ഡലത്തില്‍ പ്രവര്‍ത്തനം ശക്തമാക്കിയാല്‍ ലീഗ് കോണ്‍ഗ്രസിന്റെ പിന്നാലെ വരുമെന്നായിരുന്നു ആര്യാടന്റെ പ്രസ്‌താവന.
പ്രസ്‌താവന പുറത്തു വന്ന് മണിക്കൂറുകള്‍ക്കകം ലീഗ് ആര്യാടന്റെ പ്രസ്‌താവനയോട് രൂക്ഷമായാണ് പ്രതികരിച്ചത്. ആര്യാടന്റേത് ലീഗ് വിരുദ്ധ പ്രസ്‌താവന നീചവും നന്ദികേടുമാണെന്നായിരുന്നു ലീഗുകാകുടെ പ്രതികരണം.
തുടര്‍ന്ന് മണ്ഡലത്തില്‍ ഇരുപക്ഷവും ചേരി തിരിഞ്ഞ് പ്രകടനവും നടത്തിയിരുന്നു. ചൊവ്വാഴ്‌ച മുസ്ലീം ലീഗ് മണ്ഡലം പ്രസിഡന്റ് കെ.ടി കുഞ്ഞാന്‍ യുഡിഎഫ് മണ്ഡലം ചെയര്‍മാന്‍ സ്ഥാനം രാജി വെച്ചത് പ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമാക്കിയിരിക്കുകയാണ്.
പ്രസ്‌താവനയെ കൂടാതെ ഒരു ചാനല്‍ ചര്‍ച്ചയില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകരെ കുട്ടിക്കുരങ്ങന്‍മാരെന്ന് ഉപമിച്ചതോടെ സംഭവം ജില്ലാ ലീഗ് നേതൃത്വം ഏറ്റെടുത്തിരിയ്‌ക്കുകയാണ്.
ഇതു സംബന്ധിച്ച് സംസ്ഥാന യുഡിഎഫ് നേതൃത്വത്തിന് ലീഗ് പരാതിയും നല്‌കിയിട്ടുണ്ട്. ആര്യാടന്റെ പ്രസ്‌താവനയില്‍ പ്രതിഷേധിച്ച് നിലമ്പൂരിലെ എടക്കരയില്‍ പ്രകടനം നടത്തിയ ലീഗ് പ്രവര്‍ത്തകര്‍ ആര്യാടന്റെ കോലം കത്തിച്ചിരുന്നു.
മറുപടിയായി യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രകടനത്തില്‍ കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരെയും ശിഹാബ് തങ്ങള്‍ക്കെതിരെയും രൂക്ഷമായ മുദ്രാവാക്യങ്ങളുമുയര്‍ത്തി.
എന്നാല്‍ ലീഗിന്റെ പ്രതിഷേധം മണ്ഡലത്തില്‍ മാത്രമായി ഒതുക്കാനാണ് ലീഗ് നേതൃത്വം തീരുമാനിച്ചിരിയ്‌ക്കുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തില്‍ യുഡിഎഫിലുണ്ടാകുന്ന വിള്ളല്‍ ജില്ലയില്‍ ഏറ്റവുമധികം ബാധിയ്‌ക്കുക ലീഗിനെയായിരിക്കും എന്ന തിരിച്ചറിവിലാണ് ലീഗ് നേതൃത്വം ഈ തീരുമാനം കൈക്കൊണ്ടിരിയ്‌ക്കുന്നത്. പ്രശ്‌നത്തെക്കുറിച്ച് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.












Click it and Unblock the Notifications