മനോരോഗിയായ യുവാവിനെ 15വര്‍ഷം കക്കൂസില്‍ പൂട്ടിയിട്ടു
കേന്ദ്രപാറ(ഒറീസ): ചിത്തഭ്രമം ബാധിച്ച യുവാവിനെ വീട്ടുകാര്‍ 15വര്‍ഷം കക്കൂസില്‍ പൂട്ടിയിട്ടു. ഒറീസയിലെ കേന്ദ്രപാറ ജില്ലയില്‍ കപലേശ്വര്‍ ഗ്രാമത്തിലെ ബികാഷ് മൊഹന്തിയെന്ന മുപ്പത്തിനാലുകാരനാണ് ഈ ദുരന്തം അനുഭവിച്ചത്.
ആറ് അടിമാത്രം നീളവും വീതിയുമുള്ള കക്കൂസില്‍ തീര്‍ത്തും വൃത്തിഹീനവും മനുഷ്യത്വരഹിതവുമായി ചുറ്റുപാടിലാണ് വീട്ടുകാര്‍ ഇയാളെ പാര്‍പ്പിച്ചിരുന്നത്. ഇത്രയും കാലമായി ഇയാള്‍ ആഹാരം കഴിയ്‌ക്കുന്നതും ഉറങ്ങുന്നതും വിസര്‍ജ്ജിക്കുന്നതും ഈ മുറയിലാണ്.
കോളജ് വിദ്യാഭ്യാസത്തിനിടെ ചിത്തഭ്രമത്തിന്റെ ലക്ഷണങ്ങള്‍ കാണിച്ച ബികാഷ് സമീപവാസികളെ അക്രമിക്കാന്‍ തുടങ്ങി. കളക്ടറേറ്റില്‍ നിന്നും വിരമിച്ച് അച്ഛന്‍ ബാമന് ചരണ്‍ മൊഹന്തിയ്‌ക്ക് ഏഴംഗ കുടുംബത്തിന്റെ ആഹാരത്തിനുള്ള വക കണ്ടെത്താന്‍ പോലും നിവൃത്തിയില്ലായിരുന്നു.
ഏക മകന് ആവശ്യമായി ചികിത്സ നല്‍കാന്‍ ഈ ദരിദ്രകുടുംബത്തിന് സാധിച്ചില്ല. മറ്റുമാര്‍ഗ്ഗങ്ങളൊന്നുമില്ലാതെയാണ് കുടുംബാംഗങ്ങള്‍ ചേര്‍ന്ന് ബികാഷിനെ കക്കൂസില്‍ പൂട്ടിയിട്ടത്. ദീര്‍ഘകാലം ചെറിയ മുറിയില്‍ ചികിത്സയൊന്നും കിട്ടാതെ കഴിഞ്ഞ ബികാഷിനിപ്പോള്‍ സംസാരിക്കാനോ നടക്കാനോ കഴിയില്ല.
കട്ടക്കിലെ മെഡിക്കല്‍ കോളജില്‍ ഇയാളെ ചികിത്സയ്‌ക്കായി കൊണ്ടുപോയെങ്കിലും ഫലമൊന്നുമുണ്ടായില്ലെന്ന് മാതാവ് മഞ്‌ജുലത പറയുന്നു.
യുവാവിന്റെ പിതാവ് വന്ന് പറയുന്നതുവരെ ഇക്കാര്യത്തെക്കുറിച്ച് തങ്ങള്‍ക്ക് അറിവില്ലായിരുന്നുവെന്നാണ് ഇവിടത്തെ കളക്ടറേറ്റ് അധികൃതര്‍ പറയുന്നത്. ഇപ്പോള്‍ ബികാഷിന് സൗജന്യമായി വിദഗ്‌ധ ചികിത്സ ലഭ്യമാക്കാനുള്ള തയ്യാറെടുപ്പിലാണ് തങ്ങളെന്ന് ജില്ലാ കളക്ടര്‍ കാശിനാഥ് സഹു അറിയിച്ചു.












Click it and Unblock the Notifications