സോണിയയ്‌ക്ക് അദ്വാനി ആത്മകഥ സമ്മാനിച്ചു
ദില്ലി: തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രതിപക്ഷനേതാവ് എല്‍കെ അദ്വാനി ശനിയാഴ്‌ച കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ സന്ദര്‍ശിച്ചു.
ഹോളി ആഘോഷങ്ങള്‍ക്കിടെ ഭാര്യ കമലയുമൊത്ത് സോണിയയുടെ വസതിയിലെത്തിയ അദ്വാനി 20മിനിറ്റോളം നീണ്ടുനിന്ന കൂടിക്കാഴ്‌ചയില്‍ തന്റെ ആത്മകഥയായ 'മൈ കണ്‍ട്രി മൈ ലൈഫ്' സോണിയയ്‌ക്ക് സമ്മാനിയ്‌ക്കുകയും ചെയ്‌തു.
വര്‍ഷങ്ങള്‍ക്കുശേഷമാണ് അദ്വാനി സോണിയയുടെ വസതിയിലെത്തുന്നത്. അദ്വാനിയും സോണിയയും തമ്മില്‍ വ്യക്തിപരമായ ബന്ധമോ ആശയ വിനിമയമോ നിലവിലുണ്ടായിരുന്നില്ല. ഇത് നിര്‍ഭാഗ്യകരമാണെന്നും ബന്ധം മെച്ചപ്പെടുത്തണമെന്ന് ആഗ്രഹമുണ്ടെന്നും ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ അദ്വാനി അഭിപ്രായപ്പെട്ടിരുന്നു.
സോണിയയുമായുള്ള ബന്ധം സുഖകരമല്ലാത്തതുകൊണ്ടു പ്രധാനമന്ത്രി മന്‍മോഹന്‍സിങുമായുള്ള ബന്ധവും പിരിമുറക്കത്തിലാണെന്നും അന്ന് അദ്വാനി സൂചിപ്പിച്ചിരുന്നു. ആത്മകഥയുടെ പ്രകാശനത്തിന് സോണിയയെ അദ്വാനി നേരിട്ട് ടെലിഫോണില്‍ വിളിച്ച് ക്ഷണിച്ചിരുന്നു.
ജാതിയും പ്രാദേശികതയും ഉയര്‍ത്തിപ്പിടിക്കുന്ന പാര്‍ട്ടികള്‍ സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ മുന്‍തൂക്കം നേടുന്ന പശ്ചാത്തലത്തില്‍ പ്രധാന ദേശീയ കക്ഷികള്‍ എന്ന നിലയില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള ബന്ധം മെച്ചപ്പെടണമെന്ന തീരുമാനത്തിന്റെ കൂടി ഭാഗമായാണ് അദ്വാനി സോണിയയെ സന്ദര്‍ശിച്ചത്.
ബിജെപി തങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ ഉയര്‍ത്തിക്കാട്ടുന്ന അദ്വാനി ഈ സന്ദര്‍ശനവും ആത്മപ്രകാശനവുമൊക്കെ വഴി സര്‍വ്വസ്വീകാര്യമായ ഒരു പ്രതിച്ഛായ സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ്.
തിരഞ്ഞെടുപ്പിന്റെ മുഖ്യവിഷയം വിലക്കയറ്റാമായിരിക്കുമെന്നും മികച്ച ഭരണവും വികസനവും സുരക്ഷയും അതിന് ശേഷമേ വരുകയുള്ളുവെന്നും പറയുന്ന അദ്വാനി ബിജെപിയുടെ തിരഞ്ഞെടുപ്പ് തന്ത്രത്തിലും പ്രത്യയശാസ്‌ത്രത്തിലും വരാന്‍ പോകുന്ന മാറ്റം കൂടി വ്യക്തമാക്കുന്നുണ്ട്. 2009ല്‍ മാത്രമേ തിരഞ്ഞെടുപ്പ് നടക്കൂ എന്നും അദ്ദേഹം പറയുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications