സിപിഐ ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ് തുടങ്ങി
ഹൈദരാബാദ്: സിപിഐയുടെ ഇരുപതാം ദേശീയ പാര്‍ട്ടി കോണ്‍ഗ്രസിന് ഹൈദരാബാദില്‍ തുടക്കമായി. ഞായറാഴ്‌ച രാവിലെ പത്തിന് സിപിഐ ആന്ധ്രാ ഘടകത്തിലെ മുതിര്‍ന്ന നേതാവ് ബി ധര്‍മദിക്ഷം പതാക ഉയര്‍ത്തി.
അഞ്ചു ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനത്തില്‍ മുപ്പത് വിദേശരാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ ആയിരത്തിലേറെ പ്രതിനിധികള്‍ പങ്കെടുക്കും. ഹൈദരാബാദ് ആര്‍ടിസി കലാഭവനടുത്തുള്ള ക്രിക്കറ്റ് സ്റ്റേഡിയമാണ് സമ്മേളന വേദി.
സിപിഐ ജനറല്‍ സെക്രട്ടറി എബി ബര്‍ദര്‍ പാര്‍ട്ടി കോണ്‍ഗ്രസ് ഉത്‌ഘാടനം ചെയ്‌തു. മൂന്നാം ബദല്‍ യഥാര്‍ത്ഥ്യമാകണമെങ്കില്‍ ഇടതുപാര്‍ട്ടികളുടെ ഐക്യം ശക്തമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. സ്വതന്ത്ര വിദേശ നയത്തില്‍ പൊതുമിനിമം പരിപാടിയിലെ വാഗ്‌ദാനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ലംഘിക്കുകയാണ്.
ഇന്ത്യ- അമേരിക്ക ആണവകരാറിനായി സുരക്ഷാ മാനദണ്ഡങ്ങള്‍ തയ്യാറാക്കുന്നതിനോട് എതിര്‍പ്പില്ല. ഹൈഡ് ആക്ട് അടിസ്ഥാനത്തില്‍ അമേരിക്കയുമായി കരാര്‍ ഒപ്പുവയ്‌ക്കുന്നതിനെയാണ് എതിര്‍ക്കുന്നത്. അമേരിക്കയുടെ സൈനിക സഹകരണത്തിനുള്ള കാറുകളില്‍ ഏര്‍പ്പെടുന്നതിനെയും എതിര്‍ക്കുന്നു. കര്‍ഷകര്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള പാക്കേജ് അപര്യാപ്‌തമാണ്. ഇതില്‍ പല പോരായ്‌മകളും നിലനില്‍ക്കുന്നുണ്ട്. പ്രത്യേക സാമ്പത്തിക മേഖലയ്‌ക്കായി ഭൂമി ഏറ്റെടുക്കുന്നതിന്റെ പേരില്‍ കര്‍ഷകര്‍ ദുരിതമനുഭവിക്കുകയാണ്- ബര്‍ദര്‍ ചൂണ്ടിക്കാട്ടി.
ഉത്‌ഘാടനച്ചടങ്ങില്‍ സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, ഫോര്‍വേഡ് ബ്ലോക് നേതാവ് ദേവബ്രത വിശ്വാസ്, ആര്‍എസ്‌പി ജനറല്‍ സെക്രട്ടറി ടിജെ ചന്ദ്രചൂഡന്‍ എന്നിവര്‍ സംസാരിച്ചു. കേരളത്തില്‍ നിന്നും നൂറിലേറെ പ്രതിനിധികള്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നുണ്ട്.
സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍, മന്ത്രിമാരായ സി ദിവാകരന്‍, കെപി രാജേന്ദ്രന്‍, ബിനോയ് വിശ്വം എന്നിവരും പന്ന്യം രവീന്ദ്രന്‍ എംപി അസിസ്റ്റന്റ് സെക്രട്ടരി കെ.ഇ ഇസ്‌മയില്‍ തുടങ്ങിയവരും സമ്മേളനത്തിന് എത്തിയിട്ടുണ്ട്.
ആസ്‌ത്രേലിയ, ചൈന, നേപ്പാള്‍, റഷ്യ,. ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പ്രിതിനിധി സംഘവും ഇവിടെ എത്തിയിട്ടുണ്ട്. മാര്‍ച്ച് 27ന് നൈസാം കോളെജില്‍ നടക്കുന്ന റാലി, പൊതുസമ്മേളനം എന്നിവയോടെ പാര്‍ട്ടി കോണ്‍ഗ്രസ് സമാപിക്കും.












Click it and Unblock the Notifications