ഗുണ്ടാ കുടിപ്പക; യുവാവിനെ ഓടിച്ചിട്ട് വെട്ടിക്കൊന്നു
തൃശൂര്‍: നെടുപുഴ വട്ടപ്പിന്നിയില്‍ ഗുണ്ടകള്‍ യുവാവിനെ ഓടിച്ചിട്ട് വെട്ടിക്കൊന്നു. പനമുക്ക് പനോക്കാരന്‍ ഫ്രാന്‍സിസിന്റെ മകന്‍ സോണിയപ്പന്‍(21) ആണ് മരിച്ചത്. ഇയാള്‍ രണ്ട് കൊലക്കേസുകളിലെ പ്രതിയാണ്.
കുടിപ്പകയാണ് കൊലപാതകത്തിന് പ്രേരണയായതെന്ന് പൊലീസ് പറയുന്നു. ശനിയാഴ്‌ച വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവം നടന്നത്. വട്ടപ്പിന്നിയില്‍ റോഡിലൂടെ നടന്നുപോവുകയായിരുന്ന സോണിയപ്പനെ ബൈക്കില്‍ മൂന്നുപേര്‍ പിന്തുടര്‍ന്നു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ ഇവര്‍ വെട്ടിക്കൊലപ്പെടുത്തി. തലയ്‌ക്കുപിന്നിലാണ് വെട്ടേറ്റത്. താഴെവീണ യുവാവിന്റെ കൈപ്പത്തികള്‍ രണ്ടുവെട്ടിമാറ്റിയശേഷം പ്രതികള്‍ രക്ഷപ്പെട്ടു.
2006ല്‍ നെടുപുഴയില്‍ ജസ്റ്റിന്‍, 2007ല്‍ ദൊരൈബാബു എന്നിവരെ കൊലപ്പെടുത്തിയ കേസുകളിലെ പ്രതിയാണ് സോണിയപ്പന്‍. ജസ്റ്റിനെ വീട്ടുപരിസരത്തിട്ട് കൊലപ്പെടുത്തിയ കേസില്‍ അഞ്ചാം പ്രതിയും ദൊരൈ ബാബുവിനെ ബൈക്കില്‍ കാറിടിച്ച് വീഴ്‌ത്തിയശേഷം വെട്ടിക്കൊന്ന കേസിലെ പതിനാലാം പ്രതിയുമാണിയാള്‍.
ദൊരൈ ബാബു വധത്തിന്റെ പ്രതികാരമായാണ് സോണിയപ്പനെ കൊന്നതെന്ന് പൊലീസ് പറഞ്ഞു. ബാബുവിന്റെ അളിയനായ പനമുക്ക് സന്ദീപിനെ നാലുമാസം മുമ്പ് ആയുധങ്ങളുമായി പൊലീസ് പിടികൂടിയിരുന്നു. ഇവര്‍ തിരിച്ചടിക്കാന്‍ അവസരം പാര്‍ത്തിരിക്കുകയാണെന്ന് അന്ന് വ്യക്തമാക്കിയിരുന്നു.
ഒരാഴ്‌ചയ്‌ക്കുശേഷം പ്രതികള്‍ ജാമ്യത്തിലിറങ്ങി. ഇക്കൂട്ടത്തിലുള്ളവരെയാണ് സോണിയപ്പന്റെ കൊലപാതകത്തില്‍ പൊലീസ് സംശയിക്കുന്നത്. ബാബുവിനെ കൊന്നകേസിലെ പ്രധാന പ്രതിയായ റെയ്‌ഗനടക്കമുള്ളവര്‍ ഇപ്പോള്‍ ജയിലിലാണ്. ഡിവൈഎസ്‌പി വി.വി ശശികുമാര്‍, സിഐ ടി.യു സജീവന്‍, നെടുപുഴ എസ്‌ഐ കെ.എം വാസുദേവന്‍ എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications