വേദിയിലെ ഇടിമുഴക്കത്തിന് വിട
കോഴിക്കോട്: അരങ്ങിനെ സാമൂഹിക പരിഷ്‌ക്കരണത്തിന്റെ വേദിയാക്കി മാറ്റിയ കെ.ടി മുഹമ്മദിന്റെ (79) ജീവിതത്തിന് തീരശ്ശീല വീണു.
ബുധനാഴ്‌ച സന്ധ്യയ്‌ക്ക് 7.15 ഓടെയായിരുന്നു ആറു പതിറ്റാണ്ടോളം മലയാള നാടക വേദിയുടെ സാന്നിധ്യമായിരുന്ന നാടകാചാര്യന്റെ അന്ത്യം. ഖബറടക്കം വ്യഴാഴ്‌ച വൈകിട്ട് 3.30ന് പുതിയങ്ങാടി കോയാറോഡ് തെരുവത്ത് ജുമാഅത്ത് പള്ളിയില്‍ ഔദ്യോഗിക ബഹുമതികളോടെ നടക്കും.
ശ്വാസ തടസ്സവും നെഞ്ചു വേദനയും കുറെക്കാലമായി കെ.ടിയെ ബുദ്ധിമുട്ടിച്ചിരുന്നു. ബുധനാഴ്‌ച വൈകിട്ട് നടത്തത്തിനിടെ അസ്വസ്ഥത അനുഭവപ്പെട്ട കെ.ടിയെ ഏക മകന്‍ ജിതിന്‍ മുഹമ്മദും സുഹൃത്തുക്കളും ചേര്‍ന്ന് പിവിഎസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിയ്‌്‌ക്കുകയായിരുന്നു.
മരണ വിവരമറിഞ്ഞ കെ.ടിയുടെ മുന്‍ ഭാര്യയും ചലച്ചിത്ര നടിയുമായ സീനത്തും രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരും ആശുപത്രിയിലെത്തി. രചനയിലും അവതരണത്തിലും മലയാള നാടകത്തിന് ഒരു പുതിയ മുഖം നല്‌കിയ കെ.ടി പുരോഗമന സാംസ്‌ക്കാരിക പ്രസ്ഥാനങ്ങളുടെ അമരക്കാരനായിരുന്നു.
കേരള ഫിലിം ചെയര്‍മാന്‍, കേരള ഫിലിം ഡെവലപ്പ്‌മെന്റ് ചെയര്‍മാന്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള കെ.ടിയുടെ ബാല്യം വിഷമതകള്‍ നിറഞ്ഞതായിരുന്നു.
1929ല്‍ മലപ്പുറം മേല്‍മുറിയില്‍ ഫാത്തിമക്കുട്ടിയുടെയും കുഞ്ഞറമുവിന്റെയും മകനായി ജനിച്ച കെ.ടി കുടുംബത്തിലുണ്ടായ സാമ്പത്തിക പ്രയാസങ്ങള്‍ മൂലം പഠനം എട്ടാം ക്ലാസില്‍ നിര്‍ത്തേണ്ടി വന്നു.
ചെറുപ്പത്തില്‍ തന്നെ സാഹിത്യ കലാ സംരഭങ്ങള്‍ കെ.ടി പങ്കെടുത്തു തുടങ്ങിയിരുന്നു. അക്കാദമിക് പഠനത്തിന്റെ പിന്‍ബലമില്ലാതെ നാടകകലയെ സ്വയത്തമാക്കിയ നാടകാചാര്യനായിരുന്നു കെ.ടി മുഹമ്മദ്.
1949ല്‍ എഴുതിയ വെളിച്ചം വിളക്കന്വേഷിയ്‌ക്കുന്നു എന്നതാണ് കെ.ടിയുടെ ആദ്യ നാടകം. കേന്ദ്ര കലാസമിതിയുടെ നാടക മത്സരത്തില്‍ കെ.ടിയുടെ കറവപശു എന്ന നാടകം ഒന്നാം സ്ഥാനം നേടിയതോടെ നാടകലോകത്ത് അദ്ദേഹം ചിരപ്രതിഷ്‌ഠ നേടി.












Click it and Unblock the Notifications