പിഫ് പണം കിട്ടാനായി വസ്ത്രമുരിഞ്ഞു
വഡോദര: ഇന്ദ്രവദന്‍ പട്ടേല്‍ സഞ്ജയ് ദത്തിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ലഗേ രഹോ മുന്നാഭായി കണ്ടിരിക്കണം. അപേക്ഷ നല്‍കി മാസങ്ങളായിട്ടും പിഎഫ് പണം ലഭിക്കാത്തതില്‍ മനസില്‍ പ്രതിഷേധം നുരഞ്ഞപ്പോള്‍ പട്ടേല്‍ ആ ചിത്രത്തിലെ ഒരു കഥാപാത്രത്തെ പോലൊയാണ് തന്റെ പ്രതിഷേധം പ്രകടിപ്പിച്ചത്. പിഎഫ് ഓഫീസില്‍ വച്ച് പട്ടേല്‍ തുണിയുരിഞ്ഞു.
പട്ടേലിന്റെ ഈ പ്രകടനത്തിന് എന്തായാലും ഫലമുണ്ടായി. പിഎഫ് പണം നല്‍കുന്നതിന് കാലതാമസം വരുത്തിയ ക്ലാര്‍ക്കിനെ ഉന്നതോദ്യോഗസ്ഥര്‍ സസ്പെന്റ് ചെയ്തു. പട്ടേലിന് ഏപ്രില്‍ 15നുള്ളില്‍ പണം നല്‍കാമെന്നും ഉന്നതോദ്യോഗസ്ഥന്‍ അറിയിച്ചു.
വഡോദരയിലെ പിഎഫ് ഓഫീസില്‍ ജനവരിയിലാണ് പട്ടേല്‍ പിഎഫ് പണം ലഭിക്കുന്നതിന് അപേക്ഷ നല്‍കിയത്. അതിനു ശേഷം ഓരോ കാരണം പറഞ്ഞ് ഓഫീസിലെ ജീവനക്കാര്‍ തന്നെ നടത്തിക്കുകയാണെന്ന് പട്ടേല്‍ പറഞ്ഞു.
ഓഫീസിലെ ഒരു ജീവനക്കാരന്‍ തന്നോട് ആയിരം രൂപ കൈക്കൂലി ചോദിച്ചു. ഒരു സുഹൃത്തില്‍ നിന്നും കടം വാങ്ങി ആയിരം രൂപ കൈക്കൂലിയായി നല്‍കി. എന്നിട്ടും പല വട്ടം തന്നെ ഓരോ കാരണം പറഞ്ഞ് നടത്തിച്ചതിനു ശേഷം ഫിബ്രവരി 22ന് തന്റെ അപേക്ഷ നിരസിക്കുകയും കമ്പനിയിലേക്ക് അപേക്ഷ തിരികെ അയക്കുകയും ചെയ്തു. കമ്പനി അപേക്ഷ പുതുക്കി നല്‍കിയതിനു ശേഷം തന്നോട് മറ്റു ചില രേഖകള്‍ കൂടി സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. അത് നല്‍കിയതോടെ ഏപ്രില്‍ പത്തിന് വരാന്‍ എനിക്ക് നിര്‍ദ്ദേശം ലഭിച്ചു- പട്ടേല് പറഞ്ഞു.
ഇത്രയുമായതോടെ പട്ടേലിന്റെ ക്ഷമ നശിച്ചു. ബുധനാഴ്ച ഓഫീസിലെത്തിയ പട്ടേല്‍ തുണിയിരിഞ്ഞ് പ്രതിഷേധം പ്രകടിപ്പിച്ചു.
ലഗേ രഹോ മുന്നാഭായിയിലെ കഥാപാത്രം മാത്രമല്ല, പ്രതിഷേധം പ്രകടിപ്പിക്കാനായി രാജ് കോട്ടില്‍ ഒരു സ്ത്രീ തുണിയുരിഞ്ഞ് പ്രതിഷേധം നടത്തിയ സംഭവവും തനിക്ക് പ്രചോദനമായിട്ടുണ്ടെന്ന് പട്ടേല് പറഞ്ഞു.
മാന്യമല്ലാത്ത രീതിയില്‍ പൊതുസ്ഥലത്ത് പെരുമാറിയതിന് പൊലീസ് പട്ടേലിനെതിരെ കേസെടുത്തെങ്കിലും പട്ടേലിന്റെ പ്രതിഷേധ രീതി ഫലം കണ്ടു. ഏപ്രില്‍ 15നുള്ളില്‍ പണം ലഭിച്ചിരിക്കുമെന്ന് ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നും അദ്ദേഹത്തിന് ഉറപ്പ് ലഭിച്ചു.












Click it and Unblock the Notifications