സ്ത്രീധനക്കേസില്‍ എണ്‍പതുകാരിക്ക് ജീവപര്യന്തം
ദില്ലി: മരുമകളെ കൊലപ്പെടുത്തിയ കേസില്‍ എണ്‍പതുകാരിക്ക് ജീവപര്യന്തം. ഇവരുടെ മകനും കോടതി ജീവപര്യന്തം തടവ് വിധിച്ചിട്ടുണ്ട്. 4,000 രൂപ വീതം പിഴയടയ്ക്കാനും ദില്ലി കോടതി വിധിച്ചു.
എണ്‍പത് വയസുള്ള ഒരു സ്ത്രീയെ ശിക്ഷിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെങ്കിലും വളരെ ഗുരുതരമായ കുറ്റമാണ് അവര്‍ ചെയ്തതെന്ന് വിധിന്യായത്തില്‍ കോടതി ചൂണ്ടിക്കാട്ടി. പ്രതികളുടെ ദുരാഗ്രഹം കാരണം ഒരു യുവതിയുടെ ജീവനാണ് നഷ്ടപ്പെട്ടതെന്ന് കോടതി നിരീക്ഷിച്ചു.
സ്ത്രീധനത്തുക ലഭിക്കാനായി എണ്‍പതുകാരിയായ കൗസല്യ ദേവിയും മകന്‍ അശോക് കുമാറും അശോകിന്റെ ഭാര്യ ഭാരതിയെ പീഡിപ്പിക്കുകയായിരുന്നു. 2000 നവംബറിലാണ് അശോക് ഭാരതിയെ വിവാഹം ചെയ്തത്. ഒരു വര്‍ഷത്തിനുള്ളില്‍ അവര്‍ക്കൊരു മകള്‍ ജനിച്ചു.
2002 ഏപ്രില്‍ 20ന് രണ്ട് ലക്ഷം രൂപ സ്ത്രീധനത്തുക ആവശ്യപ്പെട്ട് അശോകും കൗസല്യാ ദേവിയും ഭാരതിയെ അവരുടെ പിതൃഗൃഹത്തിലേക്ക് അയച്ചു. ഒരാഴ്ചയ്ക്കു ശേഷം ഭാരതി പണമില്ലാതെ മടങ്ങിയെത്തി. ഏപ്രില്‍ 28ന് അശോകും കൗസല്യയും ചേര്‍ന്ന് ഭാരതിയുടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ചു തീകൊളുത്തി.
മരിക്കുന്നതിന് മുമ്പ് ഭാരതി സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിന് നല്‍കിയ മൊഴിയില്‍ കൗസല്യ തന്റെ ദേഹത്ത് മണ്ണെണ്ണയൊഴിച്ചതായും അശോക് തീ കൊളുത്തിയതായും പറഞ്ഞിട്ടുണ്ട്. മെയ് അഞ്ചിന് ഭാരതി മരിച്ചു.












Click it and Unblock the Notifications