കോടതിയില്‍ നിന്നും ഫ്ലെയിം റോഡിലേയ്ക്ക്
ചെന്നൈ : ടിവിഎസിന്റെ പുതിയ മോട്ടോര്‍ ബൈക്ക് ഫ്ലെയിം പകര്‍പ്പവകാശത്തര്‍ക്കത്തെ അതിജീവിച്ച് ഒടുവില്‍ നിരത്തിലിറങ്ങുന്നു.
ടിവിഎസിന്റെ ഈ പുതിയ മോഡല്‍ ബൈക്കിനെതിരെ ബജാജാണ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. ഹോണ്ട വികസിപ്പിച്ച എഞ്ചിന്റെ ഇപ്പോഴത്തെ പേറ്റന്റ് തങ്ങള്‍ക്കാണെന്നും ടിവിഎസ് ഇത് മോഷ്ടിച്ചെന്നുമായിരുന്നു ബജാജിന്റെ ആരോപണം.
എഞ്ചിനില്‍ ചെറിയൊരു വ്യത്യാസം വരുത്തിയാണ് ടിവിഎസ് പ്രതികരിച്ചത്. മുന്‍ മോഡലില്‍ രണ്ട് എഞ്ചിന്‍ സ്പാര്‍ക്ക് പ്ലഗ് ഉണ്ടായിരുന്നത് പുതിയതില്‍ ഒന്നായി കുറച്ചിട്ടുണ്ട്. 125 സിസിയുടെ കരുത്ത് ഒട്ടും ചോരാതെയാണ് തങ്ങള്‍ ഈ വ്യതിയാനം വരുത്തിയതെന്ന് ടിവിഎസ് അവകാശപ്പെടുന്നു.
ഡിജിറ്റല്‍ ട്വിന്‍ സ്പാര്‍ക്ക് ഇഗ്നിഷന്‍ (ഡിറ്റിഎസ്ഐ) എന്ന സാങ്കേതിക വിദ്യയുടെ പേറ്റന്റ് തങ്ങള്‍ക്കാണെന്നാണ് ബജാജ് അവകാശപ്പെട്ടത്. 1985ല്‍ ഹോണ്ട വികസിപ്പിച്ച ഈ സാങ്കേതിക വിദ്യയുടെ പേറ്റന്റ് 20 വര്‍ഷത്തിനു ശേഷം 2005ല്‍ ബജാജാണ് സ്വന്തമാക്കിയതെന്ന് കമ്പനി വാദിക്കുന്നു.
ഫ്ലെയിമില്‍ ഉപയോഗിക്കുന്നതായി ടിവിഎസ് അവകാശപ്പെടുന്ന കണ്‍ട്രോള്‍ഡ് കമ്പസ്റ്റ്യന്‍ വേരിയബിള്‍ ടൈമിങ്ങ് ഇന്റലിജന്റ് (സിസിവിടിഐ) തങ്ങളുടെ ഡിറ്റിഎസ്ഐയുടെ പകര്‍പ്പാണെന്നാണ് ബജാജ് വാദിക്കുന്നത്.
എന്നാല്‍ ഓസ്ട്രിയയിലെ എവിഎല്‍ ഡിസൈന്‍ ചെയ്തതാണ് തങ്ങളുടെ എഞ്ചിനെന്നും അതിന്റെ പകര്‍പ്പവകാശവും ലൈസന്‍സും തങ്ങള്‍ക്കുണ്ടെന്നും ടിവിഎസ് ചെയര്‍മാന്‍ വേണു ശ്രീനിവാസന്‍ പറയുന്നു.
ഏതായാലും എഞ്ചിനില്‍ വരുത്തിയ ചെറിയൊരു മാറ്റത്തോടെ കോടതിയെ ടിവിഎസ് അതിജീവിച്ചിരിക്കുകയാണ്. 46,000 രൂപ ഷോറും വില നിശ്ചയിച്ചിരിക്കുന്ന ഫ്ലെയിമിന് 68 കിലോമീറ്റര്‍ മൈലേജാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.












Click it and Unblock the Notifications