കുട്ടികളെ പരിശീലിപ്പിക്കാന്‍ ശിശുപീഡകന്‍?
തിരുവനന്തപുരം: കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന ഫുട്ബോള്‍ പരിശീലന സ്ഥാപനത്തില്‍ കുട്ടികളെ പരിശീലിപ്പിക്കുന്ന ബെല്‍ജിയന്‍ കോച്ച് കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിന് ബല്‍ജിയത്തില്‍ തടവുശിക്ഷ അനുഭവിച്ചിട്ടുണ്ടെന്ന് ആരോപണം.
ഫുട്ബോള്‍ പരിശീലന സ്ഥാപനത്തിലെ ടെക്നിക്കല്‍ ഡയറക്ടറായ ജോസഫ് അച്തേര്‍ഗലിനെതിരെയാണ് ഈ ആരോപണമുയര്‍ന്നത്. അമ്പത്തേഴുകാരനായ കോച്ച് കുട്ടികളെ പീഡിപ്പിച്ചതിന് അഞ്ചു വര്‍ഷം ബെല്‍ജിയം ജയിലില്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് ആരോപണം.
മൂന്ന് ജില്ലകളിലായി പ്രവര്‍ത്തിക്കുന്ന ഫുട്ബോള്‍ പരിശീലന സ്ഥാപനത്തിന് രണ്ട് ഡസനിലേറെ കേന്ദ്രങ്ങളുണ്ട്. ജോസഫ് ഈ സ്ഥാപനത്തില്‍ ഏഴ് വര്‍ഷമായി പ്രവര്‍ത്തിക്കുന്നുണ്ട്.
ജോസഫിനെതിരായ ഈ ആരോപണത്തെ കുറിച്ച് തങ്ങള്‍ക്ക് ഒന്നുമറിയില്ലായിരുന്നുവെന്നും ആരോപണം വിശ്വസിക്കാന്‍ പ്രയാസമുണ്ടെന്നും സ്ഥാപനത്തിന്റെ പ്രതിനിധി പറഞ്ഞു. ആരോപണം ശരിയാണെന്നങ്കില്‍ ജോസഫിനെ സ്ഥാപനത്തില്‍ തുടരാന്‍ അനുവദിക്കാനാവില്ല. പക്ഷേ അത്തരമൊരു നടപടിക്ക് മുമ്പ് ജോസഫിന് പറയാനുള്ളതു കൂടി കേള്‍ക്കേണ്ടതുണ്ട്.
സ്ഥാപനത്തില്‍ ജോസഫ് പ്രതിഫലം പറ്റാതെയാണ് പ്രവര്‍ത്തിക്കുന്നത്. ഇതുവരെ ജോസഫിനെതിരെ പരാതികളൊന്നുമുണ്ടായിട്ടില്ലെന്നും എന്നാല്‍ 120ഓളം കുട്ടികള്‍ പരിശീലനം നേടുന്ന ഈ സ്ഥാപനത്തെ സംബന്ധിച്ചിടത്തോളം ഈ ആരോപണം വളരെ ഗൗരവമുള്ളതാണെന്നും പ്രതിനിധി പറഞ്ഞു.












Click it and Unblock the Notifications