അഗ്നി-3ന്റെ മൂന്നാം പരീക്ഷണം ഏപ്രിലില്‍
ദില്ലി: ചൈനയുടെ മിക്ക ഭാഗങ്ങളിലും അക്രമണം നടത്താന്‍ തക്ക ശേഷിയുള്ള അഗ്നി-3 മിസൈലിന്റെ പരീക്ഷണത്തിന് ഇന്ത്യ ഒരുങ്ങുന്നു. 3500 കിലോമീറ്റര്‍
ദൂരപരിധിയുള്ള ഈ മിസൈല്‍ ഏപ്രില്‍ മാസവസാനത്തോടെ പരീക്ഷിയ്‌ക്കാനാണ് ഇന്ത്യ തയ്യാറെടുക്കുന്നത്.
ഏപ്രില്‍ 20 മുതല്‍ 30 വരെയുള്ള ദിവസങ്ങളിലായിരിക്കും പരീക്ഷണം നടത്താന്‍ സാധ്യതയെന്ന് ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു. കാലാവസ്ഥ സാങ്കേതിക ഘടകങ്ങള്‍ എന്നിവ കണക്കിലെടുത്താകും അവസാന തീയതി തീരുമാനിയ്‌ക്കുക. 1.5 ടണ്‍ ആണവ പോര്‍മുന വഹിയ്‌ക്കാന്‍ കഴിയുന്ന അഗ്നി-3ന്റെ മൂന്നാം പരീക്ഷണമാണ് ഇപ്പോള്‍ നടക്കാന്‍ പോകുന്നത്.
ഒറീസയ്‌ക്കടുത്തുള്ള വീലര്‍ ദ്വീപില്‍ നിന്നായിരിക്കും മിസൈല്‍ പരീക്ഷിയ്‌ക്കുക. 2006 ജൂണില്‍ നടത്തിയ അഗ്നി-3 ന്റെ ആദ്യ പരീക്ഷണം പരാജയപ്പെട്ടിരുന്നു.
മിസൈല്‍ പറന്നുയര്‍ന്ന് 65 സെക്കന്റിനു ശേഷം നിയന്ത്രണം നഷ്ടപ്പെടുകയും കടലില്‍ പതിയ്‌ക്കുകയുമായിരുന്നു. തുടര്‍ന്ന് 2007 ഏപ്രിലില്‍ നടത്തിയ പരീക്ഷണം പൂര്‍ണ വിജയം കണ്ടിരുന്നു. രണ്ടു മൂന്നോ പരീക്ഷണങ്ങള്‍ക്കൂടി കഴിഞ്ഞാല്‍ മിസൈല്‍ സൈന്യത്തിന് കൈമാറുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇപ്പോള്‍ 2000 കിലോമീറ്റര്‍ ദൂരപരിധിയുള്ള അഗ്നി-2 ആണ് ഇന്ത്യയുടെ ഏറ്റവും മികച്ച മിസൈല്‍. പാകിസ്‌താന്റെ മിക്ക ഭാഗങ്ങളും മിസൈലിന്റെ പരിധിയില്‍ വരും.
ഇതിനിടെ 5000 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈല്‍ പരീക്ഷണങ്ങള്‍ക്ക് സര്‍ക്കാര്‍ പച്ചക്കൊടി കാണിച്ചിട്ടുണ്ട്.












Click it and Unblock the Notifications