ബിജെപിയ്ക്കെതിരെ നിശ്ചയദാര്‍ഢ്യത്തോടെ
കോയമ്പത്തൂര്‍ : വര്‍ഗീയ ശക്തികള്‍ക്കെതിരെ നിശ്ചയ ദാര്‍ഢ്യത്തോടെ പോരാടാനുളള സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ ആഹ്വാനത്തോടെ പാര്‍ട്ടിയുടെ പത്തൊമ്പതാം കോണ്‍ഗ്രസിന് സമാപ്തി.
അമേരിക്ക സാമ്രാജ്യത്വത്തിന്റെ രണ്ടാം നിര പങ്കാളിയാക്കി ഇന്ത്യയെ മാറ്റാനുളള ശ്രമങ്ങള്‍ക്കെതിരെയും പോരാട്ടം ശക്തിപ്പെടുത്തണമെന്ന് കാരാട്ട് ആവശ്യപ്പെട്ടു.
ബിജെപിയെയും കോണ്‍ഗ്രസിനെയും ഭരണത്തില്‍ നിന്നകറ്റി നിര്‍ത്താന്‍ മൂന്നാം ബദലുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ സമ്മേളനം തീരുമാനിച്ചു.
കോയമ്പത്തൂരിലെ ചെങ്കടലാക്കിയ സിപിഎം റാലിയ്ക്കു ശേഷം നടന്ന പൊതു സമ്മേളനത്തെ അഭിവാദ്യം ചെയ്യവെയാണ് ബിജെപി ആര്‍എസ്എസ് കക്ഷികള്‍ക്കെതിരെയുളള നിലപാട് കാരാട്ട് വ്യക്തമാക്കിയത്. വര്‍ഗീയതയ്ക്കെതിരെ സിപിഎം സ്വീകരിക്കുന്ന വിട്ടുവീഴ്ചയില്ലാത്ത നിലപാടു മൂലമാണ് പാര്‍ട്ടി പ്രവര്‍ത്തകരും പാര്‍ട്ടി ഓഫീസുകളും ആക്രമിക്കപ്പെടുന്നതെന്ന് കാരാട്ട് ചൂണ്ടിക്കാട്ടി.
"വര്‍ഗീയതയെ ചെറുക്കാനുളള തീരുമാനം നിശ്ചയദാര്‍ഢ്യത്തോടെ ഞങ്ങള്‍ ഏറ്റെടുക്കും. ആര്‍എസ്എസുയര്‍ത്തുന്ന വെല്ലുവിളി നേരിടാന്‍ തന്നെയാണ് തീരുമാനം. വര്‍ഗീയ ശക്തികളെ ഭരണത്തില്‍ നിന്നകറ്റി നിര്‍ത്താന്‍ ശക്തമായ നിലപാട് സ്വീകരിക്കുന്ന പാര്‍ട്ടിയാണ് സിപിഎം. അതുകൊണ്ടാണ് ഞങ്ങളുടെ അണികളെ അവര്‍ കൊല്ലുന്നതും ഞങ്ങളുടെ ഓഫീസുകള്‍ അടിച്ചു തകര്‍ക്കുന്നതും". കഴിഞ്ഞ ദിവസം പൂനെയിലെ പാര്‍ട്ടി ഓഫീസ് ആര്‍എസ്എസുകാര്‍ ആക്രമിച്ച സംഭവം കാരാട്ട് ഉദാഹരിച്ചു.
നവലിബറല്‍ നയങ്ങള്‍ക്കെതിരെ സന്ധിയില്ലാതെ പോരാടുമെന്നും സാമ്പത്തിക ബദലുകള്‍ സമൂഹത്തില്‍ അവതരിപ്പിക്കുമെന്നും കാരാട്ട് വ്യക്തമാക്കി. ബൂര്‍ഷ്വാ ഭൂപ്രഭു വര്‍ഗത്തില്‍ അധിഷ്ഠിതമായ സമകാലിക രാഷ്ട്രീയ സാഹചര്യത്തില്‍ മാറ്റം വരണം. ഇന്ത്യയെ അമേരിക്കയുടെ വാലില്‍ കെട്ടാനുളള നടപടികള്‍ക്കെതിരെ ശക്തമായ ചെറുത്തു നില്‍പ്പ് സംഘടിപ്പിക്കാന്‍ പാര്‍ട്ടി നേതൃത്വത്തെ സമ്മേളനം അധികാരപ്പെടുത്തിയെന്നും കാരാട്ട് വ്യക്തമാക്കി.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications