പ്രതിശ്രുതവരനെ വധിച്ച സ്‌ത്രീയ്‌ക്ക് 99വര്‍ഷം തടവ്
ആന്‍കറേജ്(അമേരിക്ക): കാമുകന്റെ സഹായത്തോടെ പ്രതിശ്രുത വരനെ വധിച്ച യുവതിയ്‌ക്ക് 99 വര്‍ഷത്തെ ജയില്‍ ശിക്ഷ.
അമേരിക്കയിലെ ആന്‍കറേജ് നഗരത്തിനലെ സുപ്പീരിയര്‍ കോടതിയാണ് മുപ്പത്തിയഞ്ചുകാരിയും മുന്‍ നഗ്നനര്‍ത്തകിയുമായ മെക്‌ലീ ലിന്‍ഹാന്‍സിനെ 99 വര്‍ഷത്തെ തടവിന് വിധിച്ചത്. ലിന്‍ഹാന്റെ കാമുകന്‍ ജോണ്‍ കാര്‍ലിന് ഇതേ കോടതി നേരത്തേ 99വര്‍ഷത്തെ തടവുശിക്ഷ വിധിച്ചിരുന്നു.
ലിന്‍ഹാനും കാമുകനായ ജോണ്‍ കാര്‍ലിനും ചേര്‍ന്ന് ലിന്‍ഹാന്റെ പ്രതിശ്രുത വരന്‍ കെന്റ് ലെപ്പിന്‍കിനെ ഒരു ഒഴിഞ്ഞ സ്ഥലത്തേയ്‌ക്ക് വിളിച്ചുവരുത്തി വെടിവച്ചുകൊല്ലുകയായിരുന്നു.
ലെപ്പിന്‍കിന്റെ പേരിലുള്ള പത്തുലക്ഷം ഡോളര്‍ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാനായിരുന്നു വധമെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ഇന്‍ഷുറന്‍സ് തുകയ്‌ക്ക് ലെപ്പിന്‍ക് തന്നെ ആശ്രിതയായി ചേര്‍ത്തിട്ടുണ്ടാകുമെന്ന ധാരണയിലാണ് ലിന്‍ഹാന്‍ കൊലപാതകം ആസൂത്രണം ചെയ്‌തത്.
ലിന്‍ഹാന്റെ നിര്‍ദ്ദേശപ്രകാരം കാര്‍ലിനാണ് ലെപ്പിന്‍കിനെ കൊന്നത്. ലിന്‍ഹാന് പ്രേരണക്കുറ്റം മാത്രമേയുള്ളുവെന്നും കൊല നടത്തിയ അതേവ്യക്തിയുടെ ശിക്ഷ നല്‍കരുതെന്നും പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചെങ്കിലും കോടതി പരിഗണിച്ചില്ല.
ലിന്‍ഹാന്റെ കയ്യിലെ പാവ മാത്രമായിരുന്നു കാര്‍ലിന്‍. കാഞ്ചി വലിച്ചയാളും അയാളെ നിയന്ത്രിച്ച വ്യക്തിയും തുല്യ കുറ്റക്കാരാണെന്ന് കോടതി അഭിപ്രായപ്പെട്ടു. 33 വര്‍ഷം കഴിഞ്ഞ് മാത്രമേ ഇവര്‍ക്ക് ആദ്യത്തെ പരോള്‍ ലഭിക്കുകയുള്ളു.












Click it and Unblock the Notifications