ഹൊഗനക്കല്‍ പദ്ധതി താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി കരുണാനിധി
ചെന്നൈ: വിവാദമായ ഹൊഗനക്കല്‍ ജലപദ്ധതി പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി തമിഴ്‌നാട് മുഖ്യമന്ത്രി എം കരുണാനിധി അറിയിച്ചു. ശനിയാഴ്‌ച പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കര്‍ണ്ണാടകയില്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞ് പുതിയ സര്‍ക്കാര്‍ അധികാരത്തിലേറുന്നതുവരെയാണ് പദ്ധതി നിര്‍ത്തിവെയ്‌ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അധികാരത്തിലേറുന്ന പുതിയ സര്‍ക്കാര്‍ തങ്ങളുടെ ആവശ്യത്തെപ്പറ്റി മനസ്സിലാക്കുമെന്നും അത് നടപ്പാക്കാന്‍ വേണ്ട സാഹചര്യമൊരുക്കുമെന്നുമാണ് വിശ്വസിക്കുന്നത്.
എന്നാല്‍ തിരഞ്ഞെടുപ്പിന് ശേഷവും ഇതേസ്ഥിതി തുടരുകയാണെങ്കില്‍ പദ്ധതിയുമായി മുന്നോട്ടുപോവുകതന്നെ ചെയ്യും. പുതിയ സര്‍ക്കാര്‍ പദ്ധതിയുമായി സഹകരിക്കുമെന്നുതന്നെയാണ് വിശ്വസിക്കുന്നത്. ഇരു സംസ്ഥാനങ്ങള്‍ തമ്മിലുള്ള ബന്ധം തകരാതിരിക്കാന്‍ വേണ്ടി തമിഴ്‌നാടിന്റെ വിട്ടുവീഴ്‌ചയാണിത്- കരുണാനിധി പറഞ്ഞു. മെയ് 22നാണ് കര്‍ണാടകത്തില്‍ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നത്
പദ്ധതി താല്‍ക്കാലികമായി നിര്‍ത്തിവെച്ചുവെന്ന കരുണാനിധിയുടെ പ്രസ്‌താവന പുറത്തുവന്നതോടെ മാര്‍ച്ച് പത്തിന് കര്‍ണാടകത്തില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ബന്ദ് പിന്‍വലിച്ചിട്ടുണ്ട്. ഇതിനിടെ ഹൊഗനക്കല്‍ പ്രശ്‌നം പരിഹരിക്കുന്നതിനായി സുപ്രിം കോടതിയെ സമീപിക്കുമെന്ന് കര്‍ണാടകത്തിലെ മുന്‍ മുഖ്യമന്ത്രിയായ എസ്‌എം കൃഷ്‌ണ പറഞ്ഞു.
കാവേരി നദിയില്‍ ഹൊഗനക്കല്‍ പദ്ധതിയ്‌ക്കായി തമിഴ്‌നാട് തടയണകെട്ടുന്നതാണ് വിവാദമായത്. കാവേരി നദീജലത്തര്‍ക്കം പരിഹരിക്കാതെ തടയണനിര്‍മ്മിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടാണ് കര്‍ണാടകം സ്വീകരിച്ചിരുന്നത്.
ഇതിനെത്തുടര്‍ന്ന് കന്നഡസ്ഥാപനങ്ങള്‍ക്കെതിരെ തമിഴ്‌നാട്ടിലും തിരിച്ച് തമിഴ്‌നാട് ബസ്സുകള്‍ക്കും തമിഴ് സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ക്കുമെതിരെ കര്‍ണാടകത്തിലും വ്യാപകമായ അക്രമങ്ങള്‍ നടന്നിരുന്നു. ചാനലുകള്‍ക്കും പത്രങ്ങള്‍ക്കും സിനിമകള്‍ക്കും വരെ ഇരുസംസ്ഥാനങ്ങളിലും വിലക്കേര്‍പ്പെടുത്തി. പ്രശ്‌നത്തില്‍ പ്രതിഷേധിച്ച് തമിഴ്‌നാട്ടില്‍ ഫിലിം ചേംബര്‍ ഓഫ് കോമേഴ്‌സ് വെള്ളിയാഴ്‌ച തമിഴ്‌താരങ്ങളുടെ നിരഹാരസമരം സംഘടിപ്പിച്ചിരുന്നു.
അതേസമയം തമിഴ്‌നാട്ടില്‍ കര്‍ണാടക വിരുദ്ധ പ്രക്ഷോഭങ്ങള്‍ ശക്തിയാവുകയാണ്. ശനിയാഴ്‌ച രാവിലെയും കര്‍ണാടക വാഹനങ്ങള്‍ക്കുനേരെ അതിര്‍ത്തി പ്രദേശങ്ങളില്‍ ആക്രമണമുണ്ടായിരുന്നു.
ബന്ധപ്പെട്ടവാര്‍ത്തകള്‍












Click it and Unblock the Notifications