മുഖ്യമന്ത്രിയുടെ പൈലറ്റ് ഡ്യട്ടിയ്ക്ക് ക്രിമിനല്‍ കേസ് പ്രതി
തിരുവനന്തപുരം: ഒന്നിലേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഒരാള്‍ക്ക് സാക്ഷാല്‍ മുഖ്യമന്ത്രിയുടെ കൂടെ സഞ്ചരിക്കാന്‍ കഴിയുകയെന്നാല്‍ ചില്ലറക്കാര്യമാണോ? അതിശയിക്കേണ്ട മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍റെ പൈലറ്റ് ഡ്യൂട്ടിയില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥരില്‍ ഒരാള്‍ ക്രിമിനല്‍ കേസുകളിലെ പ്രതിയാണെന്ന് റിപ്പോര്‍ട്ട്.
മുഖ്യമന്ത്രി തലസ്ഥാനത്ത് യാത്രചെയ്യുമ്പോള്‍ കണ്‍ട്രോള്‍ റൂമിലെ പോലീസുകാരാണ് അകമ്പടി സേവിക്കുക. മൂന്ന് ഷിഫ്‌ടിലായി ഒമ്പതുപേരെയാണ് മുഖ്യമന്ത്രിയുടെ സുരക്ഷക്കായി ചുമതലപ്പെടുത്തിയിരിക്കുന്നത്.
രണ്ട് എസ്.ഐ.മാരും ഒരു എ.എസ്.ഐ.യുമാണ് ഇതിന്റെ മേല്‍നോട്ട ചുമതല. ഇതില്‍ ഒരു പൈലറ്റ് ഓഫീസര്‍ തലസ്ഥാനത്തെ പൂന്തുറയിലെയും മ്യൂസിയം സ്റ്റേഷനിലെയും ഓരോ ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്.
2004-ല്‍ പൂന്തുറ പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ ഐ.ഡി.യായി ജോലിനോക്കവെ 50,000 രൂപ കൈക്കൂലി വാങ്ങി വ്യാജപാസ്‌പോര്‍ട്ട് നല്‍കാന്‍ സഹായിച്ചുവെന്നാണ് കേസ്. ഈ കേസ് ഇപ്പോഴും കോടതിയില്‍ നിലനില്‍ക്കുകയാണ്. പോലീസ് സൊസൈറ്റിയില്‍ കയറി പ്രസിഡന്റിനെയും മറ്റും ഉപദ്രവിച്ച സംഭവത്തില്‍ മ്യൂസിയം പോലീസ് സ്റ്റേഷനിലും ഇയാള്‍ക്കെതിരെ ഒരു കേസ് നിലനില്‍ക്കുന്നുണ്ട്.
എസ്.എ.പി.യിലെ ഡെപ്യൂട്ടി കമാന്‍ഡന്റിനെ മര്‍ദ്ദിച്ചതുള്‍പ്പെടെ ചില കേസുകളില്‍ ഇയാളെ സര്‍വീസില്‍നിന്നും സസ്‌പെന്റ് ചെയ്‌തിട്ടുണ്ട്. വി.എസ്.അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായ ശേഷമാണ് ഇയാള്‍ പൈലറ്റ് ഓഫീസറായത്.
അടുത്തകാലത്ത് കണ്‍ട്രോള്‍ റൂമിലെ അസിസ്റ്റന്റ് കമ്മീഷണര്‍ ഇയാളെ പൈലറ്റ് ഓഫീസര്‍ തസ്‌തികയില്‍നിന്നും മാറ്റിയിരുന്നു. സമ്മര്‍ദ്ദമുണ്ടായതിനെത്തുടര്‍ന്ന് വീണ്ടും ഇയാളെ ഇതേ തസ്‌തികയില്‍ നിയമിയ്ക്കുകയായിരുന്നു.
ക്രിമിനല്‍ കേസിലെ പ്രതിയെ ഈ തസ്‌തികയിലുള്‍പ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് ഒരാള്‍ ജനവരിയില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല.












Click it and Unblock the Notifications