ഭാര്യയെ കറുത്തവളെന്ന് വിളിച്ച ഭര്‍ത്താവിന് രണ്ടുവര്‍ഷം തടവ്
ദില്ലി: ഭാര്യയുടെ കറുത്ത നിറത്തിനെ നിരന്തരമായി കളിയാക്കുകയും ആത്മഹത്യയിലേയ്‌ക്ക് തള്ളിവിടുകയും ചെയ്‌ത ഭര്‍ത്താവിന് സുപ്രിം കോടതി രണ്ടുവര്‍ഷം തടവുശിക്ഷ വിധിച്ചു.
ഭാര്യയെ കറുത്തവളെന്ന് വിളിച്ച് പരിഗസിക്കുന്നത് മാനസികപീഡനമായി കണക്കാക്കാമെന്ന് ജസ്റ്റിസുമാരായ ആല്‍തമാസ് കബീറും ജെ.എം പാഞ്ചലും അടങ്ങുന്ന ഡിവഷന്‍ ബഞ്ച് വ്യക്തമാക്കി. ഭാര്യയെ വെറുതെ കളിയാക്കിയതാണെന്നും ഇത് ആത്മഹത്യയ്‌ക്ക് പ്രേരിപ്പിക്കുന്ന തരത്തിലുള്ള മാനസിക പീഡനമായി കണക്കാക്കരുതെന്നുമുള്ള ഭര്‍ത്താവിന്റെ വാദം കോടതി നിരാകരിച്ചു.
തമിഴ്‌നാട്ടിലെ മധുരസ്വദേശിയായ സയ്യദ് ഫാത്തിമ എന്ന യുവതിയാണ് ഭര്‍ത്താവ് ഫറൂഖ് ബച്ചായുടെ കളിയാക്കല്‍ സഹിക്കവയ്യാതെ ആത്മഹത്യ ചെയ്‌തത്.
1999ലാണ് ഫാത്തിമയുടെയും ഫാറൂഖിന്റെയും വിവാഹം കഴിഞ്ഞത്. വിവാഹം കഴിഞ്ഞ് രണ്ട് മസാത്തിനകം ഭര്‍ത്താവിന്റെ പരിഹാസത്തില്‍ മനംനൊന്ത് ഫാത്തിമ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിക്കുകായിരുന്നു. കറുത്ത നിറമുള്ള തന്നെ ഭര്‍ത്താവിന് ഇഷ്ടമില്ലായിരുന്നുവെന്ന് ഫാത്തിമയുടെ ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിരുന്നു. നിറത്തിന്റെ പേരില്‍ ഭര്‍ത്താവ് സ്ഥിരമായി കളിയാക്കുകയും വഴക്കിടുകയും ചെയ്‌തിരുന്നുവെന്നും ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.
ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 498 എ സെക്ഷന്‍ പ്രകാരം ഫറൂഖ് കുറ്റക്കാരനാണെന്ന് മധുര കോടതി കണ്ടെത്തുകയും രണ്ടുവര്‍ഷത്തെ തടവുശിക്ഷയ്‌ക്ക് വിധിക്കുകയും ചെയ്‌തിരുന്നു. പിന്നീട് മദ്രാസ് ഹൈക്കോടതിയും ശിക്ഷ ശരിവെച്ചു. ഇതിനെതിരെയാണ് ഫറൂഖ് സുപ്രിം കോടതിയെ സമീപിച്ചത്.
ലാഘവത്തോടെയുള്ള ഇത്തരം കളിയാക്കലുകള്‍ സ്‌ത്രീകള്‍ക്ക് വലിയ മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് കോടതി പറഞ്ഞു. പീഡനം സഹിക്കവയ്യാതാവുമ്പോള്‍ മൃദുലമനസ്‌കരായ സ്‌ത്രീകള്‍ ആത്മഹത്യയില്‍ അഭയം തേടിയേക്കാമെന്നും കോടതി നീരീക്ഷിച്ചു.












Click it and Unblock the Notifications