ഐപിടിവിയുമായി ഗോള്‍ഡ് സ്റ്റോണ്‍
ഹൈദരാബാദ് : മെയ് മുതല്‍ ഇന്ത്യയില്‍ ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ ടെലിവിഷന്‍ (ഐപിടിവി) സൗകര്യം വ്യാവസായികാടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തുമെന്ന് ഹൈദരാബാദിലെ ഗോള്‍ഡ് സ്റ്റോണ്‍ ടെക്നോളജീസ്.
"ഹൈദരാബാദിലും സെക്കന്തരാബാദിലും പരീക്ഷണാടിസ്ഥാനത്തില്‍ കമ്പനി 100 ഐപിടിവി കഴിഞ്ഞ മാര്‍ച്ച് 26ന് സ്ഥാപിച്ചിരുന്നു. ഇത് വന്‍വിജയമാണ്. ഇരട്ട നഗരങ്ങളില്‍ (ഹൈദരാബാദ്, സെക്കന്തരാബാദ്) 1000 വീടുകളില്‍ മെയ് മാസത്തോടെ വാണിജ്യാടിസ്ഥാനത്തില്‍ ഈ സൗകര്യം വ്യാപിപ്പിക്കും. 2009 മാര്‍ച്ചോടെ 70,000 വരിക്കാരെയാണ് കമ്പനി ലക്ഷ്യമിടുന്നത്. അതിനു മുമ്പ് രാജ്യത്തെ 94 നഗരങ്ങളില്‍ ഐപിടിവി നിലവില്‍ വരും". ഗോള്‍ഡ്‍ സ്റ്റോണ്‍ ടെക്നോളജീസ് പ്രസിഡന്റും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ രാജേഷ് കലിദിന്ദി പറയുന്നു.
ബിഎസ്എന്‍എല്ലുമായി ചേര്‍ന്നാണ് ഗോള്‍ഡ് സ്റ്റോണ്‍ ടെക്നോളജീസ് ഇന്ത്യയില്‍ ഐപിടിവി സംവിധാനം ഏര്‍പ്പെടുത്തുന്നത്. ഐപിടിവി സേവനത്തിനുളള പ്രാഥമിക സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി ഇതിനകം ഏതാണ്ട് 32 കോടി രൂപയാണ് കമ്പനി മുതല്‍ മുടക്കിയിട്ടുളളത്.
മഹാനഗര്‍ ടെലിഫോണ്‍ നിഗാം ലിമിറ്റഡുമായി (എംടിഎന്‍എല്‍) സഹകരിക്കുന്നതിന് കമ്പനി താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
ഈ സാമ്പത്തിക വര്‍ഷത്തില്‍ തന്നെ ഇന്ത്യയ്ക്കു പുറമേ ഇംഗ്ലണ്ട്, ഇസ്രായേല്‍, െഡന്മാര്‍ക്ക്, സിംഗപ്പൂര്‍, ജപ്പാന്‍, ആസ്ട്രേലിയ തുടങ്ങിയ 11 രാജ്യങ്ങളിലും ഐപിടിവി സൗകര്യം ഏര്‍പ്പെടുത്താന്‍ കമ്പനി ആലോചിക്കുന്നുണ്ടെന്ന് രാജേഷ് വെളിപ്പെടുത്തി.
സ്റ്റാര്‍ ടിവി, രാജ് ടിവി, ഇടിവി തുടങ്ങിയ ടെലിവിഷന്‍ നെറ്റ്വര്‍ക്ക് കമ്പനികളുമായി ഇതിനകം കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ 50 ചാനലുകളാണ് ഐപിടിവിയില്‍ ലഭ്യമാവുക. ഇതിനു പുറമെ ഏഴ് ചലച്ചിത്ര വിതരണ സ്ഥാപനങ്ങളുമായും കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്.












Click it and Unblock the Notifications