പൊക്കമില്ലായ്മയാണ് ജ്യോതിയുടെ പൊക്കം
നാഗ്‌പൂര്‍: ഒരടിയും 11 ഇഞ്ച് (58 സെ.മീ.) ഉയരമുള്ളുവെങ്കിലും ജ്യോതി ആംഗെ ഇന്ന് സന്തോഷത്തിന്റെ നെറുകയിലാണ്. കാരണം ലോകത്തിലെ ഏറ്റവും ചെറിയ പെണ്‍കുട്ടിയെന്ന റെക്കോര്‍ഡിനുടമായാണ്.
ഈ കൊച്ച് പൊക്കക്കാരി. മഹാരാഷ്ട്രയിലെ നാഗ്‌പൂര്‍ സ്വദേശിയായ ഈ പതിനഞ്ചുകാരിയുടെ ജീവിതവും ഉയരം പോലെ തന്നെ മറ്റുള്ളവരില്‍ നിന്ന് തികച്ചും വ്യത്യസ്‌തമാണ്.
വെറും അഞ്ച് കിലോ ഭാരമുള്ള ജ്യോതിയ്‌ക്ക് പ്രത്യേകം തയ്യാറാക്കിയ കട്ടിലും കസേരയുമൊക്കെയുണ്ട്. കുട്ടിയുടുപ്പുകളും ചെറു ആഭരണങ്ങളുമൊക്കെയായി ജീവിയ്‌ക്കുന്ന ജ്യോതി ഒരു കാര്യത്തില്‍ മാത്രം വിട്ടു വീഴ്‌ച ചെയ്‌തിട്ടില്ല. സമപ്രായക്കാരോടൊപ്പമുള്ള പഠന കാര്യത്തില്‍.
ക്ലാസിലെ മറ്റു കുട്ടികള്‍ ജ്യോതിയെ മറ്റുള്ള സഹപാഠികളെ പോലെയാണ് കണക്കാക്കുന്നതെങ്കിലും ജ്യോതിയ്‌ക്ക് പ്രത്യേകം ബെഞ്ചും ഡസ്‌ക്കുമൊക്കെ സ്‌കൂളധികൃതര്‍ തയ്യാറാക്കിയിട്ടുണ്ട്.
ജനിയ്‌ക്കുമ്പോള്‍ പ്രത്യേകതയൊന്നും ജ്യോതിയില്‍ കണ്ടെത്തിയിരുന്നില്ലെന്ന് ജ്യോതിയുടെ അമ്മ രഞ്‌ജിനി പറയുന്നു. അഞ്ച് വയസ്സെത്തിയപ്പോഴാണ് ജ്യോതിയുടെ വളര്‍ച്ച മുരടിയ്‌ക്കാന്‍ ആരംഭിച്ചതത്രേ.
അക്‌നോഡ്രോപ്ലാസിയ എന്ന സ്ഥിതി വിശേഷമാണ് ജ്യോതിയുടെ വളര്‍ച്ച മുരടിയ്‌ക്കാന്‍ കാരണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഇപ്പോഴുള്ള ഉയരം ഇനി ഒരിക്കലും കൂടില്ലെന്നും ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്.
എന്തൊക്കെയായാലും സ്വന്തം നഗരമായ നാഗ്‌പൂരില്‍ ഈ കൊച്ച് സുന്ദരിയ്‌ക്ക് വലിയ താര പരിവേഷമാണുള്ളത്. ചിലര്‍ ഒരു ജ്യോതിയെ ദൈവമായി പോലും കണക്കാക്കുന്നുണ്ട്.
ഒരു ബോളിവുഡ് താരമാകണമെന്നും ലണ്ടനിലും അമേരിക്കയിലുമൊക്കെ യാത്ര ചെയ്യണമെന്നാണ് കൊച്ചു സുന്ദരിയുടെ വലിയ ആഗ്രഹങ്ങള്‍.












Click it and Unblock the Notifications