അബ്ദുള്‍ വഹാബ് എംപിയെ പൈലറ്റ് വിമാനത്തില്‍ നിന്നും ഇറക്കിവിട്ടു
കരിപ്പൂര്‍: കൊച്ചിയിലേക്കുപോകാന്‍ കോഴിക്കോട് വിമാനത്താവളത്തിലെത്തിയ മുസ്ലിം ലീഗ് നേതാവും എംപിയുമായി പി.വി. അബ്ദുള്‍വഹാബിനെ പൈലറ്റ് വിമാനത്തില്‍നിന്ന് ഇറക്കിവിട്ടു.
ഇതേത്തുടര്‍ന്ന് കൊച്ചിയാത്ര റദ്ദാക്കിയ എം.പിയും ഭാര്യയും മറ്റൊരുവിമാനത്തില്‍ ദുബയിലേക്ക് പോയി. തിങ്കളാഴ്‌ച വൈകുന്നേരം കൊച്ചിയില്‍നിന്ന് ദുബയിലേക്ക് പോകാനായിരുന്നു എം.പി നേരത്തെ നിശ്ചയിച്ചിരുന്നത്.
ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ഐസി 998 ദോഹ-ബഹ്‌റൈന്‍-കോഴിക്കോട്-കൊച്ചി വിമാനം രാവിലെ എട്ടിന് വിമാനത്താവളത്തില്‍ എത്തിയതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം.
ഈ വിമാനത്തില്‍ കൊച്ചിയിലേക്ക് യാത്ര ചെയ്യാനാണ് അബ്ദുള്‍വഹാബ് എം.പി ടിക്കറ്റ് എടുത്തിരുന്നത്. 8.30ന് തന്നെ അദ്ദേഹം വിമാനത്താവളത്തില്‍ എത്തിയിരുന്നുവെങ്കിലും 9.02നാണ് ഇന്ത്യന്‍ എയര്‍ലൈന്‍സ് അധികൃതര്‍ ഇദ്ദേഹത്തെ വിമാനത്തിലേക്ക് കൊണ്ടുപോയത്. നേരം വൈകിയതിനാല്‍ അക്ഷമനായ പൈലറ്റ് ക്യാപ്‌റ്റന്‍ രജത്‌റാണ ഈ സമയം വിമാന ലാഡറില്‍ ഇറങ്ങി നില്‍ക്കുകയായിരുന്നു.
എം.പി എത്താന്‍ വൈകിയതിനാലാണ് വിമാനം പുറപ്പെടാന്‍ വൈകുന്നതെന്ന് തെറ്റിദ്ധരിച്ച ക്യാപ്‌റ്റന്‍ എം.പിയെ അനുഗമിച്ച ഇന്ത്യന്‍ എയര്‍ലൈന്‍സ് ഡ്യൂട്ടി ടെര്‍മിനല്‍ മാനേജരോട് തട്ടിക്കയറി. ഇതില്‍ ഇടപെട്ട എം.പി യുമായും ഏതാനുംനിമിഷം വാഗ്വാദം നടന്നു.
കുപിതനായ പൈലറ്റ് എം.പി യെ പുറത്തിറക്കാതെ വിമാനം പറത്തില്ലെന്ന് വാശിപിടിച്ചു. ഒടുവില്‍ വഹാബ് കൊച്ചിയാത്ര ഉപേക്ഷിച്ച് ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെതന്നെ ഐസി 538 വിമാനത്തില്‍ ദുബായിലേക്ക് പോയി. നാടകീയ സംഭവങ്ങള്‍മൂലം കൊച്ചിയിലേക്കുള്ള വിമാനം അരമണിക്കൂര്‍ വൈകി.
എം.പി ആവശ്യപ്പെട്ടതുപ്രകാരമാണ് കൊച്ചിയിലേക്കുള്ള അദ്ദേഹത്തിന്റെ യാത്ര ദുബായ് വിമാനത്തിലേക്ക് മാറ്റി നല്‍കിയതെന്ന് ഇന്ത്യന്‍ എയര്‍ലൈന്‍സ് അധികൃതര്‍ പറഞ്ഞു. പൈലറ്റുമായി എം.പി സംസാരിച്ചിരുന്നുവെന്നും എന്നാല്‍ ഇത് സൗഹൃദ സംഭാഷണം മാത്രമായിരുന്നുവെന്നും അധികൃതര്‍ അറിയിച്ചു.
അതേസമയം എയര്‍പോര്‍ട്ട് മാനേജരോട് മോശമായി സംസാരിച്ചതിനാല്‍ മാത്രമാണ് താന്‍ ഇടപെട്ടതെന്നും മറ്റുള്ളവരുടെ യാത്രമുടങ്ങാതിരിക്കാനാണ് വിമാനത്തില്‍ നിന്നും ഇറങ്ങിയതെന്നും അബ്ദുള്‍ വഹാബ് എംപി ദുബയില്‍ അറിയിച്ചു.
സമയത്തുതന്നെ വിമാനത്താവളത്തില്‍ റിപ്പോര്‍ട്ട് ചെയ്തെങ്കിലും വിമാനം വൈകിയാണ് എത്തിയത്. ചെക് ഇന്‍ ചെയ്തശേഷം വിഐപി ലോഞ്ചില്‍ ഇരുന്നു7.55ന് എത്തേണ്ട വിമാനം എട്ടേകാല്‍ കഴിഞ്ഞാണ് എത്തിയത്. വിമാനത്തില്‍ നേരത്തേ കയറാന്‍ സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും വിഐപി ലോഞ്ചിലായതിനാല്‍ അവസാനനിമിഷം കയറിയാല്‍ മതിയെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.
ഞാന്‍ എത്തിയതും വിമാനം എത്തിയതുമെല്ലാം സംബന്ധിച്ച് വിമാനത്താവള അധികൃതരില്‍ നിന്നും റിപ്പോര്‍ട്ട് വാങ്ങിയിട്ടുണ്ട്. ഇതടക്കമാണ് പരാതി നല്‍കുക. എംപിയുടെ ഗതി ഇതാണെങ്കില്‍ സാധാരണ യാത്രക്കാരുടെ സ്ഥിതി എന്താകുമെന്നതിനാലാണ് പരാതി നല്‍കുന്നത്. പൈലറ്റ് മോശമായാണ് പെരുമാറിയത്- അബ്ദുള്‍ വഹാബ് പറഞ്ഞു.












Click it and Unblock the Notifications