സംസ്കരിക്കാന്‍ കൊണ്ടുപോയ ശിശുവിന് ജീവന്
റോടക്: മരിച്ചുവെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ നവജാതശിശുവിന് സംസ്കാരകര്മ്മങ്ങള്ക്കിടെ ജീവനുണ്ടെന്ന് കണ്ടെത്തി.
ഹരിയാന പ്രീമിയര്‍ മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂഷനിലെ ഒരു ഡോക്ടറാണ് ഒരാഴ്ച പ്രായമായ കുഞ്ഞ് മരിച്ചുവെന്ന് വിധിയെഴുതിയത്. ഏപ്രില്‍ അഞ്ചിനാണ് മുകേഷും ഭാര്യ മമതയും തങ്ങളുടെ കുഞ്ഞിനെ ശസ്ത്രക്രിയയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
വ്യാഴാഴ്ച മൂന്നു മണിയോടെ കുഞ്ഞ് മരിച്ചതായി വാര്‍ഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ മാതാപിതാക്കളെ അറിയിച്ചു. മുകേഷും ഭാര്യും കുഞ്ഞിന്റെ മൃതദേഹം സംസ്കരിക്കുന്നതിനായി സ്വദേശമായ സന്ഗേരയിലേയ്ക്ക് കൊണ്ടുപോയി.
വൈകീട്ട് കര്‍മ്മങ്ങളെല്ലാം പൂര്‍ത്തിയാക്കി മൃതദേഹം ചിതയ്ക്കരികില്‍ വച്ച് ഏതാനും നിമിഷം കഴിഞ്ഞപ്പോള്‍ കുഞ്ഞ് അനങ്ങുന്നതായി കണ്ടെത്തി. പിന്നീട് ബന്ധുക്കള്‍ നിരീക്ഷിച്ചപ്പോഴാണ് കുഞ്ഞിന് ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞത്.
മാതാപിതാക്കളും ബന്ധുക്കളും ചേര്‍ന്ന് കുഞ്ഞിനെ ഉടന്‍തന്നെ തിരികെ ആശുപത്രിയില്‍ എത്തിച്ച് അവിടെവച്ച് അടിയന്തര ശുശ്രൂഷകള്‍ നല്കി. കുട്ടിയുടെ ശരീരം ചികിത്സകളോട് പ്രതികരിക്കുന്നുണ്ടെന്ന് വ്യാഴാഴ്ച രാത്രി വൈകുമ്പോഴേയ്ക്കും ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
സംഭവത്തെക്കുറിച്ച് കാര്യമായി അന്വേഷണം നടത്തുമെന്നും കുഞ്ഞ് മരിച്ചുവെന്ന് വിധിയെഴുതിയ ഡോക്ടര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ആശുപത്രി ഡയറക്ടര്‍ അറിയിച്ചു.