മറയൂര്‍ ചന്ദനക്കടത്ത് കേസ് സിബിഐയ്‌ക്ക്
കൊച്ചി: വാളയാര്‍ റൂറല്‍ ഇന്‍ഡസ്‌ട്രീസുമായി ബന്ധപ്പെട്ട ചന്ദനക്കടത്ത് കേസ് സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
കോടതി നിര്‍ദ്ദേശിക്കുന്നപക്ഷം കേസ് ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സിബിഐ അറിയിച്ച സാഹചര്യത്തിലാണ് ഉത്തരവ്. ഒരു വര്‍ഷത്തിനകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി സിബിഐയോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
പാലക്കാട്ടെ പീപ്പിള്‍സ് ഫോറം ഫോര്‍ നാച്ചുറല്‍ ജസ്‌റ്റിസിന് വേണ്ടി ആര്‍ ഗോകുല്‍ പ്രസാദ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് എച്ച്.എല്‍ ദത്തു, ജസ്റ്റിസ് കെ.എം ജോസഫ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ്.
മറയൂര്‍ ഫോറസ്‌റ്റ് റേഞ്ചിന്റെ പരിധിയില്‍ പള്ളിവാസല്‍ ചെക്ക് പോസ്‌റ്റില്‍ 2005 ജനുവരി രണ്ടിന് ചന്ദനമുട്ടി പിടികൂടിയതുമായി ബന്ധപ്പെട്ടതാണ് കേസ്. അറസ്റ്റിലായ ചിലരുടെ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് ചന്ദനത്തൈല ഡിസ്റ്റിലറിയായ വാളയാര്‍ റൂറല്‍ ഇന്‍ഡസ്‌ട്രീസില്‍ റെയ്‌ഡ് നടന്നു. വനം വകുപ്പ് ഫാക്ടറി അടച്ച് മുദ്രവച്ചു.
തുടര്‍ന്നു നടന്ന റെയ്‌ഡുകളില്‍ മറയൂരില്‍ നിന്നു പോണ്ടിച്ചേരിയിലേയ്‌ക്കു കടത്തിയ 3375.4 കിലോ ചന്ദനപ്പൊടി, 245 കിലോ ചന്ദനച്ചീള്, 7534.6കിലോ മിക്‌സഡ് ചന്ദനച്ചീള് എന്നിവ കണ്ടെടുത്തു.
കേസിലെ പ്രതികളുടെ ജാമ്യഹര്‍ജി പരിഗണിക്കുമ്പോള്‍ ഹൈക്കോടതി ചന്ദനമാഫിയക്കു രാഷ്ട്രീയക്കാരുമായുള്ള ബന്ധത്തെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു. കോടതി പരാമര്‍ശങ്ങളുടെ പേരില്‍ അന്നത്തെ വനം മന്ത്രി കെപി വിശ്വനാഥന്‍ രാജിവച്ചു.
തുടര്‍ന്ന് കേസ് സിബിഐയ്‌ക്കു വിടാന്‍ 2007 ജൂലൈയില്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും കേന്ദ്രവിജ്ഞാപനം വൈകുന്ന സാഹചര്യത്തിലാണ് ഹര്‍ജി നല്‍കിയത്. രണ്ടര വര്‍ഷം പഴക്കമുള്ള കേസ് അന്വേഷിക്കാന്‍ സാധ്യമല്ലെന്നാണ് ആദ്യം സിബിഐ അറിയിച്ചത്. പിന്നീട് നിലപാട് മാറ്റുകയായിരുന്നു. സിബിഐയുടെ ചെന്നൈ യൂണിറ്റാണ് കേസ് അന്വേഷിക്കുക.












Click it and Unblock the Notifications