കെ. സുധാകരന്‍റെ പ്രസംഗത്തിന് കയ്യടിച്ച സിഐടിയുക്കാരന് മര്‍ദ്ദനം
ശ്രീകണ്ഠാപുരം(കണ്ണൂര്‍): കെപിസിസി ജനറല്‍ സെക്രട്ടറി കെ.സുധാകരന്‍ കോണ്‍ഗ്രസ് പൊതുയോഗത്തില്‍ പ്രസംഗിക്കുമ്പോള്‍ കൈയടിച്ച സിഐടിയുക്കാരന്റെ കൈകാലുകള്‍ തല്ലിയൊടിച്ചു.
ഏരുവേശി പാടിക്കുറ്റി ക്ഷേത്രത്തിനടുത്ത ഇടശ്ശേരി രവി (44)യുടെ കൈകാലുകളാണ് തല്ലിയൊടിച്ചത്. ഇയാളെ തളിപ്പറമ്പിലെ ലൂര്‍ദ്ദ് ആസ്‌പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സിപിഎം. പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്നാണ് പരാതി.
ചെമ്പേരിയില്‍ കോണ്‍ഗ്രസ് മണ്ഡലം സമ്മേളനത്തിന്റെ സമാപനദിവസം പൊതുയോഗത്തില്‍ കെ.സുധാകരന്‍ പ്രസംഗിക്കുമ്പോഴാണ് ചുമട്ടുതൊഴിലാളിയായ രവി ശ്രോതാക്കളുടെ ഇടയില്‍നിന്ന് കൈയടിച്ചത്.
തുടര്‍ന്ന് ബുധനാഴ്‌ച സി.ഐ.ടി.യു. നേതൃത്വം യോഗംചേര്‍ന്ന് 90 ദിവസത്തേക്ക് രവിയെ തൊഴിലില്‍നിന്ന് സസ്‌പെന്‍ഡ്‌ചെയ്‌തിരുന്നു.
ബുധനാഴ്‌ച രാത്രി വൈകിയാണ് ചിലര്‍ രവിയെ വീട്ടില്‍ കയറി ആക്രമിച്ചത്. കാറിന്റെ താക്കോലും എ.ടി.എം. കാര്‍ഡും വീട്ടില്‍ സൂക്ഷിച്ച പണവും അക്രമികള്‍ കവര്‍ന്നു.
ബഹളംകേട്ട് ഓടിയെത്തിയ അയല്‍ക്കാരെ അക്രമികള്‍ ഭീഷണിപ്പെടുത്തി. ബന്ധുക്കളാണ് രവിയെ ആസ്‌പത്രിയിലാക്കിയത്.
20 വര്‍ഷത്തിലേറെയായി ചെമ്പേരി ടൗണിലെ ചുമട്ടുതൊഴിലാളിയും സി.ഐ.ടി.യുവിന്റെ സജീവ പ്രവര്‍ത്തകനുമാണ് രവി. സിപിഎമ്മിനുവേണ്ടി നിരവധി കേസുകളില്‍ പ്രതിയായിട്ടുള്ളതായി രവി പറയുന്നു.
എന്നാല്‍ സംഭവവുമായി സിപിഎമ്മിനോ സിഐടിയുവിനോ യാതൊരു ബന്ധവുമില്ലെന്ന് സിപിഎം ഏരുവേശ്ശി ലോക്കല്‍ സെക്രട്ടറി കെ.പി കുമാരന്‍ അറിയിച്ചു.












Click it and Unblock the Notifications