ഐഫോണിനെ പരിധിയ്‌ക്ക് പുറത്താക്കാന്‍ നോക്കിയ ട്യൂബ്
ടെക്‌നോളജിയുടെ ലോകത്ത് ആപ്പിള്‍ എന്ന നാമം മാന്ത്രിക കുഴലൂത്തുകാരായാണ് അറിയപ്പെടുന്നത്. അതിന് ഏറ്റവും മികച്ച ഉദാഹരണമായായിരുന്നു കുറച്ചു കാലം മുമ്പ് ആപ്പിള്‍ പുറത്തിറക്കിയ ഐഫോണ്‍.
സംഭവം വിപണിയിലെത്തിയ വേളയില്‍ ആരാധകര്‍ രാത്രി മുതലെ കടകള്‍ തുറക്കുന്നതും കാത്തു കിടന്നു. അത്രയ്‌ക്കുണ്ടായിരുന്നു ഐഫോണിന്റെ ആകര്‍ഷണ ശക്തി.
അമേരിക്കയില്‍ വിപണി പിടിച്ചടക്കിയ ഐഫോണിനു മറുപടിയായി എല്‍ജി, എച്ച്‌ടിസി, എറിക്‌സണ്‍ തുടങ്ങിയവര്‍ ഒട്ടേറെ പുതിയ ഫോണുകള്‍ വിപണിയില്‍ എത്തിച്ചെങ്കിലും ഐഫോണിനും ആപ്പിളിനും ഒരു കുലുക്കവുമുണ്ടായില്ല.
ഇനിയിപ്പോള്‍ നോക്കിയയുടെ ഊഴമാണ്. ലോകത്തെ അമ്പതു ശതമാനം മൊബൈല്‍ ഹാന്‍ഡ് സെറ്റ് വിപണിയും കൈയടക്കി വച്ചിരിയ്‌ക്കുന്ന നോക്കിയ ഐഫോണിന് മറുപടിയായി ട്യൂബ് എന്ന മോഡലാണ് വിപണിയിലെത്തിയ്‌ക്കാന്‍ ഒരുങ്ങുന്നത്.
ഐഫോണിന്റെ ഏറ്റവും ആകര്‍ഷത്വം അതിന്റെ രൂപ ഭംഗിയും ടച്ച് സ്‌ക്രീന്‍ സംവിധാനവുമാണ്. ഇത് തന്നെയാണ് നോക്കിയയും ആയുധമാക്കുന്നത്. ഐഫോണിനോട് സാമ്യം തോന്നാമെങ്കിലും അതിലും ഉയര്‍ന്ന സാങ്കേതിക വിദ്യയാണ് ഈ ഫിന്നിഷ് കമ്പനി പുതിയ ഫോണില്‍ ഉപയോഗിച്ചിരിയ്‌ക്കുന്നത്. കീ പാഡില്ലാത്ത ടച്ച് സ്‌ക്രീന്‍ സംവിധാനം തന്നെയാണ് ട്യൂബിലേതും.
സിമ്പിയന്‍ എസ് 60 പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിയ്‌ക്കുന്ന ട്യൂബില്‍ എച്ച് എസ്‌പിഡിഎ, ഡബ്ല്യുഎല്‍എഎന്‍, യുപിഎന്‍പി തുടങ്ങിയ ആധുനിക സാങ്കേതി വിദ്യകളെല്ലാം ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. അഞ്ച് മെഗാപിക്‌സല്‍ ക്യാമറയാണ് ട്യൂബിന്റെ മറ്റൊരാകര്‍ഷണം.
ഇതുവരെ 40 ലക്ഷം ഐഫോണ്‍ വിറ്റു പോയെന്നാണ് ആപ്പിള്‍ വക്താക്കള്‍ അവകാശപ്പെടുന്നത്. ഈ വര്‍ഷമിത് ഒരു കോടിയിലെത്തുമെന്നും ഇവര്‍ പ്രവചിയ്‌ക്കുന്നു.
ലോകത്തെ രണ്ടാമത്തെ മൊബൈല്‍ ഹാന്‍ഡ് സെറ്റ് വിപണിയായ ഇന്ത്യ ഉന്നമാക്കിയാണ് ഐഫോണ്‍ ഈ പ്രവചനം നടത്തിയെന്നതിനാല്‍ അതില്‍ വലിയ അതിശയോക്തി പറയാനാകില്ല.
ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഐഫോണ്‍ നിയമവിധേയമായി ഇന്ത്യന്‍ വിപണിയിലെത്തും എന്നാല്‍ ഐഫോണ്‍ ഇന്ത്യയില്‍ ചുവടു വയ്‌ക്കുന്ന നേരത്തു തന്നെയാണ് നോക്കിയ ട്യൂബുമായി രംഗത്തെത്തുന്നത്. ചൂടപ്പം പോലെയെന്ന വിശേഷണം ഐഫോണിന് നഷ്ടപ്പെടുമോയെന്ന് ട്യൂബുമായുള്ള ഏറ്റുമുട്ടലോടെ കണ്ടറിയാം.












Click it and Unblock the Notifications