വിഐപിയായാല്‍ വൈകിയെത്തണം
ദില്ലി: കേരളത്തില്‍ നിന്നുള്ള രാജ്യസഭാ എംപി എ.പി.അബ്ദുള്‍ വഹാബ് വൈകിയെത്തിയതിനെ തുടര്‍ന്ന് വിമാനത്തില്‍ നിന്നും ഇറക്കിവിട്ടുവെന്ന ആരോപണം വിവാദമായി പുകയുകയാണ്. താന്‍ വൈകിയല്ല വിമാനത്താവളത്തിലെത്തിയതെന്ന് വഹാബ് അവകാശപ്പെടുന്നുണ്ട്. അതിന്റെ നിജസ്ഥിതി എന്തായാലും വിമാനത്തില്‍ കയറാന്‍ സമയത്തിന് എത്താത്തത് വിഐപിമാര്‍ക്കിടയില്‍ പുതിയ കാര്യമല്ല.
വിമാനം പുറപ്പെടുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പ് യാത്രക്കാര്‍ വിമാനത്താവളത്തിലെത്തണമെന്നുണ്ടെങ്കിലും പല രാഷ്ട്രീയനേതാക്കള്‍ക്കും സമയം പാലിക്കുന്നതില്‍ വ്യവസ്ഥയൊന്നുമില്ല. മുന്‍ വ്യോമയാനമന്ത്രി ഷാനവാസ് ഹുസൈന്‍ പോലും വൈകി വിമാനത്താവളത്തിലെത്തുന്ന വിഐപിമാരുടെ പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.
വനിതാ ശിശു ക്ഷേമ മന്ത്രി രേണുകാ ചൗധരി വിമാനത്തില്‍ കയറുന്നതിന് വൈകിയെത്തുന്നതില്‍ കുപ്രസിദ്ധയാണ്. മുന്‍ പ്രധാനമന്ത്രി ദേവഗൗഡയും വിമാനത്താവളത്തില്‍ കൃത്യസമയത്തെത്താന്‍ സമയം മെനക്കെടുത്താറില്ല.
അതേ സമയം എല്ലാ രാഷ്ട്രീയനേതാക്കളും വിമാനത്താവളത്തില്‍ വൈകിയെത്തുന്നതില്‍ അതീവശ്രദ്ധ പാലിക്കുന്നവരാണെന്ന് കരുതേണ്ടതില്ല. ധനകാര്യമന്ത്രി പി.ചിദംബരം ഒരു മാതൃകാ യാത്രക്കാരനാണ്. വിമാനം പുറപ്പെടുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പ് തന്നെ ചിദംബരം വിമാനത്താവളത്തിലെത്താറുണ്ട്. സുരക്ഷാ പരിശോധനക്ക് വിധേയനാവുന്നത് മറ്റ് യാത്രക്കാരോടൊപ്പം തന്നെയാണ്.
മുന്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി ജ്യോതിബസു, ലോക് സഭയിലെ പ്രതിപക്ഷ നേതാവ് എല്‍.കെ.അദ്വാനി എന്നിവരും വൈകി വിമാനത്താവളത്തിലെത്തുന്നവരുടെ കൂട്ടത്തില്‍ പെടില്ല.












Click it and Unblock the Notifications