പിന്‍കോഡ് ഇനി എട്ടക്കങ്ങള്‍
ദില്ലി : പിന്‍കോഡ് ഓര്‍ത്തു വെയ്ക്കാന്‍ ഇനി അല്‍പം ബുദ്ധിമുട്ടായിരിക്കും. എന്നാല്‍ കത്തുകള്‍ കുറച്ചു കൂടി വേഗമെത്തുമെങ്കിലോ? കത്തുകള്‍ വക തിരിക്കുന്നതിന് കൂടുതല്‍ സൗകര്യപ്രദമായ രീതിയില്‍ എട്ടക്ക പിന്‍കോഡ് സമ്പ്രദായം ഏര്‍പ്പെടുത്താനൊരുങ്ങുകയാണ് സര്‍ക്കാര്‍. ഇതോടെ ഇന്ത്യയിലെ പിന്‍കോഡ് സംവിധാനം അന്തര്‍ദേശീയ നിലവാരത്തിലേയ്ക്ക് ഉയരും.
അടുത്ത വര്‍ഷം മുതല്‍ ഈ സമ്പ്രദായം ഏര്‍പ്പെടുത്താനിരിക്കുകയാണ് സര്‍ക്കാര്‍. മേല്‍വിലാസക്കാരനെ കുറച്ചു കൂടി എളുപ്പത്തില്‍ ഇനി പോസ്റ്റ്മാന് കണ്ടുപിടിക്കാനാവും.
ദില്ലിയിലെ ഇപ്പോഴത്തെ പിന്‍കോഡ് 110001 ആണ്. ഈ പിന്‍കോഡിന്റെ കീഴില്‍ 19 മേഖലകളാണ് വരുന്നത്. കോണാട്ട് പ്ലേസും കോണ്‍സ്റ്റിറ്റിയൂഷന്‍ ഹൗസും ഈസ്റ്റേണ്‍ കോടതിയും ജന്‍പഥുമെല്ലാം ഈ പിന്‍കോഡിന് കീഴില്‍ വരുന്ന സ്ഥലങ്ങള്‍. കത്ത് വിതരണം ചെയ്യാനുളള ബുദ്ധിമുട്ട് ഏറെ പറയേണ്ടല്ലോ.
മേല്‍വിലാസക്കാരന്റെ കൃത്യമായ താമസസ്ഥലം ധ്വനിപ്പിക്കുന്ന രണ്ട് അക്കങ്ങള്‍ കൂടി കൂട്ടിച്ചേര്‍ത്ത് ഈ പ്രശ്നം പരിഹരിക്കാനൊരുങ്ങുകയാണ് തപാല്‍ വകുപ്പ്. വീടെവിടെയെന്ന് കൃത്യമായി ചൂണ്ടിക്കാണിക്കുന്നതാവും അവസാന രണ്ടക്കങ്ങള്‍.
അമേരിക്കയില്‍ ആദ്യം അഞ്ചക്ക പിന്‍കോഡായിരുന്നു,. സിപ് കോഡ് എന്നാണ് അത് അറിയപ്പെടുന്നത്. പിന്നീട് നാല് അക്കങ്ങള്‍ കൂടി കൂട്ടിച്ചേര്‍ത്ത് ഇപ്പോള്‍ സിപ് പ്ലസ് ഫോര്‍ (Zip + 4) എന്ന സമ്പ്രദായമാണ് അവിടെ ഉപയോഗിക്കുന്നത്.
ഇന്ത്യയിലേത് ഇനി പിന്‍ പ്ലസ് ടു (PIN + 2) എന്ന പേരിലായിരിക്കും അറിയപ്പെടുക.












Click it and Unblock the Notifications