മേല്‍ത്തട്ടിനെ ഒഴിവാക്കി സംവരണം നടപ്പാക്കും
ദില്ലി: കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളില്‍ മറ്റ് പിന്നാക്കവിദ്യാര്‍ഥികള്‍ക്കുള്ള 27 ശതമാനം സംവരണം മേല്‍ത്തട്ടിനെ ഒഴിവാക്കി നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
ഇക്കാര്യത്തിലുള്ള നിയമവും 93ാം ഭരണഘടനാഭേദഗതിയും ശരിവെച്ച് സുപ്രീംകോടതി ഏപ്രില്‍ 10 ന് വിധി പുറപ്പെടുവിച്ചിരുന്നു. മറ്റ് പിന്നാക്കവിഭാഗങ്ങളിലെ (ഒബിസി) മേല്‍ത്തട്ടിനെ (ക്രീമിലെയര്‍) സംവരണത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് ചീഫ് ജസ്റ്റിസ് കെ.ജി.ബാലകൃഷ്‌ണന്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബെഞ്ച് ഉത്തരവിട്ടിരുന്നു.
ഉന്നത വിദ്യാഭ്യാസമേഖലയിലെ അവസരങ്ങളും തൊഴില്‍ സംവരണവും രണ്ടാണെന്ന കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാണെന്ന് രാഷ്ട്രീയകാര്യങ്ങള്‍ക്കായുള്ള മന്ത്രിതലസമിതിയുടെ തീരുമാനം അറിയിച്ചുകൊണ്ട് വിദേശകാര്യമന്ത്രി പ്രണബ് മുഖര്‍ജി പറഞ്ഞു.
മേല്‍ത്തട്ട് കാഴ്‌ചപ്പാട് തൊഴില്‍ സംവരണം ലക്ഷ്യമാക്കിയാണ്. 93-ാം ഭേദഗതി മറ്റ് പിന്നാക്കവിഭാഗങ്ങളിലെ എല്ലാവര്‍ക്കും ഉന്നതവിദ്യാഭ്യാസത്തിനുള്ള അവസരം ലക്ഷ്യമിടുന്നു-പ്രണബ് വ്യക്തമാക്കി. കേന്ദ്രമന്ത്രിസഭ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ തീരുമാനിച്ചതോടെ രാജ്യത്തെ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പ്രവേശനനടപടികള്‍ തുടങ്ങും.
സുപ്രീംകോടതി വിധിവന്നപ്പോള്‍ ഇക്കാര്യത്തിലുള്ള സര്‍ക്കാര്‍ തീരുമാനത്തിനുവേണ്ടി ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങള്‍ പ്രവേശനനടപടികള്‍ തത്‌കാലം നിര്‍ത്തിവെച്ചിരുന്നു. കേന്ദ്രമന്ത്രിസഭാ തീരുമാനം വന്നതോടെ 2008-09 മുതല്‍ ഐഐടി, ഐഐഎം, എഐഐഎംഎസ് തുടങ്ങിയ ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ മേല്‍ത്തട്ടിനെ ഒഴിവാക്കിയുള്ള ഒബിസി സംവരണം നടപ്പാക്കും.
അതേ സമയം കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ യുപിഎ സഖ്യകക്ഷിയായ പാട്ടാളിമക്കള്‍കക്ഷി (പിഎംകെ) ശക്തമായ എതിര്‍പ്പുമായി രംഗത്തുവന്നു. സമ്മര്‍ദം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പിഎംകെ.നേതാവ് രാംദാസ് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെ സന്ദര്‍ശിച്ചു.
മേല്‍ത്തട്ടിനെ ഒഴിവാക്കാതെ സംവരണം നടപ്പാക്കണമെന്ന് യുപിഎയുടെ മറ്റൊരു ഘടകക്ഷിയായ ഡിഎംകെയുടെ ഉന്നതാധികാര സമിതി ചെന്നൈയിലും ആവശ്യപ്പെട്ടിട്ടുണ്ട്.
വാര്‍ഷികവരുമാനം രണ്ടരലക്ഷം രൂപയില്‍ കൂടുതലുള്ള പിന്നാക്കവിഭാഗക്കാരെ മേല്‍ത്തട്ടായി പരിഗണിക്കുമെന്നാണ് കേന്ദ്രം നേരത്തേ വ്യക്തമാക്കിയത്.ഈ വരുമാനപരിധി പുനഃപരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാരിന് മേല്‍ സമ്മര്‍ദമുണ്ട്.
ന്യൂനപക്ഷങ്ങളുടേതൊഴികെയുള്ള ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പട്ടികജാതി,പിന്നാക്കവിഭാഗങ്ങള്‍ക്ക് സംവരണം വ്യവസ്ഥ ചെയ്യുന്നതാണ് 93-ാം ഭരണഘടനാഭേദഗതി.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications