ഭൂമിയുടെ ന്യായവിലപ്പട്ടിക ഉടന്‍
തിരുവനന്തപുരം : രജിസ്ട്രേഷന്‍ നടപടികളിലെ കാലതാമസവും അഴിമതിയും ഭൂമിവില കുറച്ചു കാണിച്ച് സര്‍ക്കാരിനെ കബളിപ്പിക്കുന്നതും അവസാനിപ്പിക്കാന്‍ ഭൂമിയുടെ ന്യായവില സംബന്ധിച്ച് സര്‍ക്കാര്‍ ഉടന്‍ കരട് വിജ്ഞാപനം പുറപ്പെടുവിക്കും.
റവന്യൂ, രജിസ്ട്രേഷന്‍ ഓഫീസുകളില്‍ ലഭിക്കുന്ന ന്യായവില രജിസ്റ്ററായിരിക്കും ഇനി സംസ്ഥാനത്തെ ഭൂമി സംബന്ധിച്ച ആധികാരിക രേഖ. സ്റ്റാമ്പ് ഡ്യൂട്ടിയില്‍ ഇളവില്ലാതെയാണ് തല്‍ക്കാലം കരട് വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നത്.
ന്യായവില രജിസ്റ്റര്‍ തയ്യാറാകുന്നതോടെ ഭൂമിയുമായി ബന്ധപ്പെട്ട അവ്യക്തതകള്‍ ഏറെക്കുറെ പരിഹരിക്കപ്പെടും. രജിസ്ട്രേഷന്‍ വകുപ്പ് ജീവനക്കാരുടെ അറിവോടെ വില കുറച്ചു കാണിച്ച് രജിസ്റ്റര്‍ ചെയ്ത് സ്റ്റാമ്പ് ഡ്യൂട്ടി ലാഭിക്കുന്ന പതിവ് ഇനി അവസാനിക്കും. മുപ്പതിനായിരം വാല്യം വരുന്ന ന്യായവില രജിസ്റ്ററാണ് തയ്യാറാക്കുന്നത്.
കരട് വിജ്ഞാപനം പ്രസിദ്ധീകരിക്കപ്പെട്ട ശേഷം പൊതുജനങ്ങള്‍ക്ക് പരാതിയും നിര്‍ദ്ദേശങ്ങളും നല്‍കാം. ആര്‍ഡിഒയ്ക്കാണ് ഇതിനുളള ചുമതല. രണ്ടു മാസത്തിനുളളില്‍ പരാതി പരിഹരിക്കും. സെപ്തംബര്‍ മാസത്തോടെ ഭൂമിയുടെ ഉടമസ്ഥതയും വിലയും സംബന്ധിച്ചുളള മുഴുവന്‍ വിവരങ്ങളും വ്യക്തമാകും.
മുന്‍സര്‍ക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ച ന്യായവില നടപടിക്രമങ്ങളില്‍ നിന്നും പ്രകടമായ വ്യത്യാസം ഇപ്പോഴുണ്ട്. സ്ഥലത്തിന്റെ പ്രത്യേകതകള്‍ കണക്കിലെടുത്ത് 15 ഘടകങ്ങള്‍ ആധാരമാക്കിയാണ് വില നിര്‍ണയം നടത്തുന്നത്. ഓരോ സ്ഥലത്തെയും വില നിര്‍ണയിക്കാനുളള ചുമതല റവന്യൂ ഉദ്യോഗസ്ഥര്‍ക്കാണ്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications