ടിവിയും ഇന്‍റര്‍നെറ്റും കൗമാരക്കാരുടെ ഉറക്കം കെടുത്തുന്നു
ദില്ലി: നഗരങ്ങളില് ജീവിക്കുന്ന കൗമാരപ്രായക്കാര്‍ക്കിടയില്‍ ഉറക്കമില്ലായ്‌മയും നിദ്രാഭംഗവും കൂടിവരുന്നതായി പഠന റിപ്പോര്‍ട്ട്. പഠനവുമായി ബന്ധപ്പെട്ട മാനസികസമ്മര്‍ദങ്ങള്‍ക്കുപുറമേ, ടെലിവിഷനും ഇന്റര്‍നെറ്റും കൗമാരപ്രായക്കാരായ വിദ്യാര്‍ഥികളുടെ ഉറക്കം കെടുത്തുന്നുവെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്.
ദില്ലി സര്‍വകലാശാലയ്‌ക്കു കീഴിലെ കോളേജ് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ്-ജി.ടി.ബി. ഹോസ്‌പിറ്റലിലെ ഒരുസംഘം ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ വെളിപ്പെട്ടത്.
ഒമ്പതു മുതല്‍ 12 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളെ പഠനവിധേയരാക്കിയപ്പോള്‍, ഉയര്‍ന്ന ക്ലാസ്സുകളില്‍ പഠിക്കുന്നവരിലാണ് ഇത്തരം പ്രശ്‌നങ്ങള്‍ കൂടുതലെന്നും കണ്ടെത്തിയിട്ടുണ്ട്.
ഈ പ്രായപരിധിയിലുള്ള കുട്ടികള്‍ ദിവസം ശരാശരി ഏഴ് മണിക്കൂറാണ് ഉറങ്ങുന്നതെന്ന് കണ്ടെത്തി. കിടന്ന ഉടനെ നന്നായി ഉറങ്ങാന്‍ കഴിയുന്നവര്‍ ഇവരില്‍ പകുതിയോളം മാത്രമാണ്.
പകല്‍ നല്ല ഉന്മേഷത്തോടെ കഴിയണമെങ്കില്‍ കൗമാരപ്രായക്കാര്‍ രാത്രി 8-9 മണിക്കൂറെങ്കിലും ഉറങ്ങണം. അതിനാല്‍ കുട്ടികളുടെ കിടപ്പുമുറിയില്‍ നിന്ന് ടി.വി.യും ഇന്റര്‍നെറ്റും മാറ്റിവെക്കണമെന്നും പഠനം നിര്‍ദേശിക്കുന്നു.
ഒന്പതാം ക്ലാസ്സുകാര്‍ എട്ടു മണിക്കൂറും പത്താം ക്ലാസ്സുകാര്‍ 7.7 മണിക്കൂറും പതിനൊന്നാം ക്ലാസ്സുകാര്‍ 7.9 മണിക്കൂറും പന്ത്രണ്ടാം ക്ലാസ്സുകാര്‍ 7.6 മണിക്കൂറും ദിവസം ശരാശരി ഉറങ്ങുന്നുവെന്നാണ് പഠനം വെളിപ്പെടുത്തുന്നത്.
പന്ത്രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന 69.8 ശതമാനം കുട്ടികളും ക്ലാസ്സില്‍ ഉറക്കം വരുന്നതായി സമ്മതിച്ചു. 10, 11 ക്ലാസ്സുകാരില്‍ 39.1 ശതമാനത്തിനും ക്ലാസ്സില്‍ ഇരിക്കുമ്പോള്‍ ഉറക്കം വരാറുണ്ട്.












Click it and Unblock the Notifications