കാമുകിയുടെ മുറ്റത്ത് വില്യത്തിന്റെ ലാന്റിംഗ്
ലണ്ടന്‍: വില്യം രാജകുമാരന്‍ കാമുകിയുടെ വീട്ടുമുറ്റത്ത് റോയല്‍ എയര്‍ഫോഴ്‌സിന്റെ ചിനൂക് ഹെലികോപ്‌റ്റര്‍ ഇറക്കിയത് വിവാദമാകുന്നു. മണിക്കൂറിന് 15,000 പൗണ്ട്(12ലക്ഷം രൂപ) ചെലവുള്ള കോപ്‌റ്റര്‍ തമാശകള്‍ക്കായുപയോഗിച്ചത് തെറ്റാണെന്ന് വിവിധഭാഗങ്ങളില്‍ നിന്നും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.
ഏപ്രില്‍ മൂന്നിന് പരിശീലനപ്പറക്കല്‍ നടത്തുന്നതിനിടെയായിരന്നു ഇരുപത്തിയഞ്ചുകാരനായ വില്യം കാമുകി കെയ്‌റ്റ് മിഡില്‍ടെണിന്റെ ഇംഗ്ലണ്ടിലെ ബര്‍ക് ഷറിലുള്ള വസതിയുടെ മുറ്റത്ത് കോപ്‌റ്റര്‍ ലാന്റ് ചെയ്‌തത്.
തൊട്ടടുത്ത കൗണ്ടിയായ ഹാംപ്‌ഷെയറില്‍ ലാന്റിംഗ് സൗകര്യം കിട്ടാത്തതിനാല്‍ കെയ്‌റ്റിന്റെ മാതാപിതാക്കളുടെ അനുമതി തേടിയ ശേഷമായിരുന്നുവത്രേ വില്യം രാത്രി കോപ്‌റ്റര്‍ ലാന്റ് ചെയ്‌തത്.
അഫ്‌ഗാനിസ്ഥാനിലും ഇറാഖിലും ബ്രിട്ടീഷ് സൈന്യത്തിന് അത്യാവശ്യത്തിനുള്ള സാധനങ്ങള്‍ പോലും എത്തിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ ബ്രിട്ടനിലെ രണ്ടാമത്തെ കിരീടാവകാശിയുടെ ഈ പ്രവൃത്തി ഖജനാവ് ധൂര്‍ത്തടിക്കലാണെന്ന് സൈനിക വൃത്തങ്ങളില്‍ ആരോപണം ഉയര്‍ന്നുകഴിഞ്ഞു.
എന്നാല്‍ പ്രതിരോധമന്ത്രാലയം വില്യമിന്റെ ലാന്റിംഗിനെ ന്യായീകരിക്കുകയാണ് ചെയ്യുന്നത്. അടിയന്തര ഘട്ടങ്ങളില്‍ അത്യാവശ്യം വേണ്ട ലാന്റിംഗ് പരിശീലനം ഇതിലൂടെ വില്യത്തിന് കിട്ടിയെന്നാണ് മന്ത്രാലയത്തിന്റെ വിശദീകരണം.
2007ല്‍ വില്യമും കെയ്‌റ്റും പിണങ്ങിപ്പിരിഞ്ഞതായി വാര്‍ത്തകള്‍ വന്നിരുന്നുവെങ്കിലും ബന്ധം ഇപ്പോഴും മുന്നോട്ടുപോകുന്നുണ്ടെന്നാണ് പുതിയ സൂചനകള്‍. കാമുകിയുടെ മുന്നില്‍ തന്റെ കോപ്‌റ്റര്‍ ലാന്റിംഗ് മികവ് കാണിച്ച് ആളാകാനായിരിക്കണം വില്യം ശ്രമിച്ചതെന്ന് ചില കൊട്ടാരം വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ് ഓഫ് ദി വേള്‍ഡ് ടാബ്ലോയ്‌ഡ് പത്രം റിപ്പോര്‍ട്ട് ചെയ്‌തു.
റോയല്‍ എയര്‍ഫോഴ്‌സില്‍ നാലുമാസത്തെ പരിശീലനത്തിലാണിപ്പോള്‍ വില്യം. ഹെലികോപ്‌റ്ററില്‍ നിന്നും ആരും പുറത്തുവരുകയോ അകത്തുകയറുകയോ ഉണ്ടായിട്ടില്ല. വില്യത്തിന്റെ നാലുമാസക്കാല ആര്‍എഎഫ് പരിശീലന പദ്ധതിയുടെ ഭാഗമായി നിര്‍ദ്ദിഷ്ട കേന്ദ്രങ്ങള്‍ക്ക് പുറത്ത് യുദ്ധകാലത്ത് ഹെലികോപ്‌റ്ററുകള്‍ ഇറക്കാനുള്ള കഴിവ് നേടിയെടുക്കാനാണിതെന്ന് പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.












Click it and Unblock the Notifications