വെള്ളക്കരം ചോദിച്ചതിന് സിപിഎമ്മുകാര്‍ ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ചു
തിരുവനന്തപുരം: സിപിഎം ചാല ഏരിയ കമ്മിറ്റി ഓഫീസിലെ വെള്ളക്കരം അടയ്‌ക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‌കിയ ജല അതോറിറ്റി ജീവനക്കാരെ സിപിഎം പ്രവര്‍ത്തകര്‍ ഓഫീസില്‍ കയറി മര്‍ദ്ദിച്ചുവെന്ന് ആരോപണം.
കുര്യാത്തി ജല അതോറിറ്റി ഓഫീസിലെ അസിസ്റ്റന്റ് എന്‍ജീനിയര്‍ ആന്‍സല്‍ ജോണ്‍, മോട്ടോര്‍ ഇന്‍സ്‌പെക്ടര്‍ ശ്രീധരന്‍, ഓഫീസ് അസിസ്റ്റന്റ് റഹിം എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. സിപിഎം അനുകൂല സംഘടനയുടെ പ്രവര്‍ത്തകനാണ് ആന്‍സല്‍.
സംഭവുമായി ബന്ധപ്പെട്ട് സിപിഎം ചാല ഏരിയ കമ്മിറ്റി സെക്രട്ടറിയും കൗണ്‍സിലറുമായ കരമന ഹരി ഉള്‍പ്പടെ ഏതാനും സിപിഎമ്മുകാര്‍ക്കെതിരെ ഫോര്‍ട്ട് പോലീസ് കേസെടുത്തു.
തിങ്കളാഴ്‌ച ഉച്ചയ്‌ക്ക് ഒന്നരയ്‌ക്ക് കുര്യാത്തിയിലെ അസിസ്‌റ്റന്റ് എന്‍ജിനീയറുടെ ഓഫീസിലായിരുന്നു അക്രമം നടന്നത്. പണം അടയ്‌ക്കണമെന്ന് നോട്ടീസ് നല്‌കിയതിനെ കുറിച്ച് ചോദിയ്‌ക്കാനെത്തിയവരാണ് അക്രമം നടത്തിയതെന്ന് ജീവനക്കാര്‍ പോലീസിന് നല്‌കിയ പരാതിയില്‍ പറയുന്നു.
സിപിഎം ചാല ഏരിയ കമ്മിറ്റി ഓഫീസ് ഒമ്പത് വര്‍ഷത്തെ കുടിവെള്ളക്കരമായി 78000 രൂപ അടയ്‌ക്കാനുണ്ടായിരുന്നു.
ഇത് സംബന്ധിച്ച് മാര്‍ച്ചില്‍ നോട്ടീസ് നല്‌കിയിരുന്നു. ഇതിനെക്കുറിച്ച് ജല അതോറിറ്റി ഓഫീസില്‍ ചോദിയ്‌ക്കാനെത്തിയ സിപിഎം ചാല ഏരിയ സെക്രട്ടറി ഹരിയും മറ്റു പ്രവര്‍ത്തകരും എന്‍ജീനിയറെ മര്‍ദ്ദിച്ചുവെന്നാണ് പരാതി.
എന്നാല്‍ ഓഫീസില്‍ വിവരം തിരക്കാന്‍ ചെന്ന തന്നോട് എന്‍ജീനിയര്‍ അപമര്യാദയായി പെരുമാറിയെന്നും ഇതെ ചൊല്ലി വാക് തര്‍ക്കം മാത്രമാണ് ഉണ്ടായതെന്നും ആരെയും മര്‍ദ്ദിച്ചിട്ടില്ലെന്നും കൗണ്‍സിലര്‍ കരമന ഹരി പറഞ്ഞു.












Click it and Unblock the Notifications