നികുതി വെട്ടിപ്പ്: സാംസങ്ങ് ചെയര്‍മാന്‍ രാജിവെച്ചു
സോള്‍: ദക്ഷിണ കൊറിയയിലെ ഏറ്റവും വലിയ ഇലക്ട്രോണികസ് കമ്പനിയായ സാംസങ്ങ് ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ലീ കുന്‍ ഹീ രാജിവെച്ചു.
ദക്ഷിണ കൊറിയയില്‍ നടന്നതില്‍ ഏറ്റവും വലുതെന്ന് കരുതപ്പെടുന്ന നികുതി വെട്ടിപ്പിലും വിശ്വാസ വഞ്ചനയിലും ലീയ്‌ക്ക് പങ്കുണ്ടെന്ന് കഴിഞ്ഞയാഴ്‌ച കണ്ടെത്തിയിരുന്നു. ദേശീയ ടെലിവിഷനിലൂടെ നടത്തിയ ചെറിയ പ്രസ്‌താവനയിലാണ് ലീ രാജിക്കാര്യം വ്യക്തമാക്കിയത്.
കഴിഞ്ഞ ജനുവരിയില്‍ ലീയ്‌ക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളില്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ പ്രത്യേക അന്വേഷണം നടത്തിയിരുന്നെങ്കിലും വ്യക്തമായ തെളിവുകള്‍ ലഭിച്ചിരുന്നില്ല.
നികുതി വെട്ടിപ്പ് നടത്തിയെന്ന ഇപ്പോഴത്തെ ആരോപണം തെളിഞ്ഞാല്‍ ഏഴു വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിയ്‌ക്കാന്‍ സാധ്യതയുണ്ട്. ലീയ്‌ക്കെതിരെയുള്ള ആരോപണം സാംസങ്ങിന്റെ പ്രതിച്ഛായക്ക് കളങ്കം വരുത്തുമെന്ന് വിദഗ്‌ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
എഴുപത് വര്‍ഷം മുമ്പ് ലീയുടെ പിതാവാണ് സാംസങ്ങ് ഗ്രൂപ്പ് കമ്പനികള്‍ക്ക് തുടക്കമിട്ടത്. ഇലക്ട്രോണിക്‌സ്, കപ്പല്‍ നിര്‍മ്മാണം. തുടങ്ങി ഒരു ഡസനോളം മേഖലകളില്‍ ഇന്ന് കമ്പനി പ്രവര്‍ത്തിയ്‌ക്കുന്നുണ്ട്.
ആഗോള ഇലക്ട്രോണിക്‌സ് വിപണിയില്‍ ദക്ഷിണ കൊറിയയെ മുന്നിലെത്തിയ്‌ക്കുന്നതില്‍ സാംസങ്ങ് പ്രമുഖ പങ്കാണ് വഹിച്ചിട്ടുള്ളത്.












Click it and Unblock the Notifications