മകളെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചയാളെ അമ്മ കൊലപ്പെടുത്തി
സമസ്‌തിപൂര്‍(ബീഹാര്‍): പന്ത്രണ്ടുകാരിയായ മകളെ പീഡിപ്പിയ്‌ക്കാന്‍ ശ്രമിച്ചയാളെ അമ്മ കുത്തിക്കൊന്നു. ബീഹാറിലെ സമസ്‌തിപൂര്‍ ജില്ലയിലെ റോസെര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഉള്‍പ്പെട്ട സഹിയാര്‍ ടോളയിലാണ് സംഭവം നടന്നത്.
സഹിയ ദിഹ് പഞ്ചായത്തിലെ വാര്‍ഡ് മെംബറായ മഞ്‌ജു ദേവിയാണ് വീട്ടില്‍ കയറി മകളെ ആക്രമിക്കാന്‍ ശ്രമിച്ചയാളെ കുത്തിക്കൊന്നത്. മിഥിലേഷ് സിംഗ് എന്നയാളാണ് കുത്തേറ്റ് മരിച്ചത്.
ഭര്‍ത്താവ് ഇല്ലാത്ത സമയത്ത് വീട്ടിനുള്ളില്‍ അതിക്രമിച്ച് കയറിയ മിഥിലേഷ് മകളെ അപമാനിക്കാന്‍ ശ്രമിക്കുകയായിരുന്നു. മഞ്‌ജു മിഥിലേഷിന്റെ ശ്രമം തടുക്കാന്‍ നോക്കിയെങ്കിലും അയാള്‍ അതിനെ ചെറുത്തു. തുടര്‍ന്ന മറ്റൊരു വഴിയും കാണാതെ മഞ്‌ജു മൂര്‍ച്ചയേറിയ ഒരു ആയുധമെടുത്ത് മിഥിലേഷിനെ കുത്തുകയായിരുന്നു.
ഇയാള്‍ തല്‍ക്ഷണം മരിച്ചു. തുടര്‍ന്ന് മഞ്‌ജു നേരിട്ട് പൊലീസ് സ്റ്റേഷനിലെത്തി സംഭവം അറിയിച്ച് കീഴടങ്ങുകയും ചെയ്‌തു. ഒരു മാനഭംഗക്കേസില്‍ ഉള്‍പ്പെട്ട് ജയിലായിരുന്ന മിഥിലേഷ് ഈയിടെയാണത്രേ ജാമ്യം നേടി പുറത്തെത്തിയത്.
ആത്മരക്ഷയ്‌ക്കും മകളുടെ രക്ഷയ്‌ക്കും വേണ്ടിയാണ് മഞ്‌ജു മിഥിലേഷിനെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക തെളിവുകളില്‍ നിന്നും മനസ്സിലാകുന്നതെന്ന് പൊലീസ് പറഞ്ഞു.












Click it and Unblock the Notifications