മലപ്പുറത്ത് ചിട്ടയായ പ്രവര്‍ത്തനം വേണ്ട
തിരുവനന്തപുരം : മലപ്പുറത്ത് കോണ്‍ഗ്രസ് നേതാക്കള്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്നു പോലും നിശ്ചയിക്കുന്നത് മുസ്ലിം ലീഗുകാരാണോ?
ആണെന്നു വേണം പറയാന്‍. കോണ്‍ഗ്രസുകാരുടെ യോഗത്തില്‍ ആര്യാടന്‍ മുഹമ്മദിന്റെ പ്രസംഗം ഇപ്പോള്‍ ലീഗ് സംസ്ഥാന നേതാക്കള്‍ ഏറ്റുപിടിച്ചിരിക്കുകയാണ്. കോണ്‍ഗ്രസുകാര്‍ ചിട്ടയായി പ്രവര്‍ത്തിച്ചാല്‍ മലപ്പുറത്ത് മുസ്ലിം ലീഗിനെക്കാള്‍ മുന്നിലെത്താമെന്നായിരുന്നു ആര്യാടന്റെ പ്രസംഗം.
പ്രസംഗം പത്രങ്ങളില്‍ വന്നതും ലീഗുകാര്‍ ഹാലിളകി തുളളി. മലപ്പുറത്ത് കോണ്‍ഗ്രസ് ചിട്ടയായി പ്രവര്‍ത്തിക്കേണ്ടെന്നും ലീഗിന്റെ മുന്നിലെത്തേണ്ടെന്നുമായിരുന്നു വാദം. ലീഗിന്റെ പ്രാദേശിക നേതൃത്വം ആര്യാടനെതിരെ വാളെടുത്തു തുളളി.
പ്രശ്നം വഷളായതിനെ തുടര്‍ന്ന് ആര്യാടന്‍ തന്റെ നിലപാട് കൂടുതല്‍ ശക്തമായി മുന്നോട്ടു വെച്ചു. കോണ്‍ഗ്രസുകാരുടെ യോഗത്തില്‍ താന്‍ മുസ്ലിം ലീഗിനെ ശക്തിപ്പെടുത്തണമെന്നാണോ പ്രസംഗിക്കേണ്ടത് എന്നായിരുന്നു അദ്ദേഹത്തിന്റെ ലളിതമായ ചോദ്യം.
ഏതായാലും പ്രശ്നം ഇപ്പോള്‍ പി കെ കുഞ്ഞാലിക്കുട്ടിയും ഇ ടി മുഹമ്മദ് ബഷീറും ഏറ്റെടുത്തിരിക്കുകയാണ്. പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയെയും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയെയും നേരില്‍ കണ്ട് അവര്‍ ആര്യാടനെതിരെ പരാതി ഉന്നയിച്ചിട്ടുണ്ട്.
മലപ്പുറത്ത് ആരും കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തേണ്ടെന്ന് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പരസ്യമായി ആവശ്യപ്പെടുമോ എന്ന് പേടിച്ചിരിക്കുകയാണ് ജില്ലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications