വിദേശവനിതയെ പീഡിപ്പിയ്ക്കാന്‍ ശ്രമിച്ചവര്‍ അറസ്റ്റില്‍
കോഴിക്കോട്: വിദേശവനിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഓട്ടോ ഡ്രൈവറും സഹായിയും അറസ്റ്റിലായി.
വെള്ളിയാഴ്ച പുലര്‍ച്ചെ കോഴിക്കോട് മാവൂര്‍ റോഡിലെ മൊഫ്യൂസല്‍ ബസ്‌സ്റ്റാന്‍ഡ് പരിസരത്തുനിന്നാണ് ബ്രിട്ടീഷുകാരിയായ ക്രിസ്റ്റീനയെ ഓട്ടോഡ്രൈവറും സഹായിയും പീഡിപ്പിക്കാന് ശ്രമിച്ചത്. ക്രിസ്റ്റീനയുടെ പരാതിയെത്തുടര്‍ന്നാണ് ഇവരെ അറസ്റ്റു ചെയ്‌തത്.
ഓട്ടോയ്‌ക്കുള്ളില്‍ വെച്ച് ഡ്രൈവര്‍ അന്‍വറും സഹായി അബ്ദുള്‍ ഖാദറും തന്നെ കടന്നുപിടിച്ചെന്നാണ് ക്രിസ്റ്റീന മൊഴി നല്‍കിയത്. അന്‍വറും അബ്ദുള്‍ ഖാദറും കസബ പൊലീസിന്‍റെ കസ്റ്റഡിയിലാണ്. ഇവരെചോദ്യം ചെയ്ത് വരുന്നു.
ഊട്ടിയില്‍ നിന്നും തിരുവനന്തപുരത്തേയ്ക്ക് പോകുന്നവഴിയാണ് ക്രിസ്റ്റീന കോഴിക്കോട്ടെത്തിയത്. തിരുവനന്തപുരത്തേയ്ക്ക് പോകന്നതിനായി വെള്ളിയാഴ്ച രാത്രി കോഴിക്കോട് കെഎസ്ആര്‍ ടിസി സ്റ്റാന്‍റിലെത്തിയ ഇവര്‍ ബാംഗ്ലൂരിലേയ്ക്ക് പോകുന്ന ബസില്‍ മാറിക്കയറി.
യാത്രയ്ക്കിടയിലാണ് ബസ് മാറിക്കയറിയ വിവരം അറിയുന്നത്. തുടര്‍ന്ന് കാരന്തൂരില്‍ ബസ് നിര്‍ത്തി. കണ്ടക്ടറും ഡ്രൈവറും കൂടി ഇവരെ ഓട്ടോയില്‍ കയറ്റി വിടുകയായിരുന്നു.
തുടര്‍ന്ന് കോഴിക്കോട് നഗരത്തിലെത്തിയപ്പോഴാണ് ഓട്ടോഡ്രൈവറും സഹായും ചേര്‍ന്ന് ഇവരെ ഉപദ്രവിക്കാന്‍ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.
രാത്രിയില്‍ സ്റ്റാന്‍റിന്‍റെ പരിസരത്തുനിന്നും പൊട്ടിക്കരയുന്ന യുവതിയെ നാട്ടുകാരില്‍ ചിലരാണ് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചത്. പൊലീസില്‍ പരാതി നല്‍കിക്കഴിഞ്ഞ് രാവിലെ ഏഴരയോടെ ക്രീസ്റ്റിന തിരുവനന്തപുരത്തേയ്ക്കു തിരിച്ചു.












Click it and Unblock the Notifications