ജീവിതത്തില്‍ നിന്നും അയടു പഠിച്ച പാഠം
അഡിസ് അബാബ(എത്യോപ്യ): ഒട്ടറെ ഭാര്യമാരും അവരിലൊക്കെ കുട്ടികളുമായി ജീവിക്കുന്നത് വളരെ സന്തോഷകരമായിരിക്കുമെന്ന് കരുതുന്നുണ്ടോ?. എങ്കില്‍ തെറ്റി 11 ഭാര്യമാരും 77 കുട്ടികളുമുള്ള അന്പത്തിയാറുകാരനായ അയട്ടു നൂറെയുടെ ജീവിതം കണ്ടാല്‍ ബഹുഭാര്യാത്വം സന്തോഷം നല്‍കുമെന്ന് ചിന്തിയ്ക്കുന്നവരെല്ലാം അത് തിരുത്തും.
ഒരിക്കലും വിവാഹം കഴിയ്‌ക്കരുതെന്നാണ് അയട്ടു പറയുന്നത്. കഴിയ്‌ക്കുകയാണെങ്കില്‍ത്തന്നെ ഒന്നില്‍ക്കൂടുതല്‍ ഭാര്യമാര്‍ പാടില്ലെന്നും അദ്ദേഹം പറയുന്നു. ഒപ്പം കുടുംബാസൂത്രണമാര്‍ഗ്ഗങ്ങള്‍ വേണ്ടവിധം കൈക്കൊള്ളണമെന്നും അദ്ദേഹം ഉപദേശിക്കുന്നുണ്ട്. സ്വന്തം അനുഭവത്തില്‍ നിന്നും പാഠം ഉള്‍ക്കൊണ്ടാണ് അയട്ടു മറ്റുള്ളവരെ ഉപദേശിക്കുന്നത്.
ഒരിക്കല്‍ ഒട്ടേറെ സ്വത്തുണ്ടായിരുന്ന അദ്ദേഹം ഇന്ന് ഒരു കുടിലിലാണ് താമസിക്കുന്നത്. മുമ്പ് പണക്കാരനായിരുന്ന താന്‍ സമ്പത്ത് മറ്റുള്ളവരുമായി പങ്കു വയ്ക്കാനാണ് എറെ പേരെ ഭാര്യമാരാക്കിയതെന്ന് എത്യോപ്യന്‍ തലസ്ഥാനമായ ആഡിസ് അബാബയില്‍ നിന്ന് മുന്നൂറ് കിലോമീറ്റര്‍ അകലെ അര്‍സി പ്രദേശത്തെ കുടിലില്‍ ഇരുന്ന് അയട്ടു വിവരിക്കുകയാണ്.
പണമെല്ലാം പോയി ഇപ്പോള്‍ ഭാര്യമാരെയും മക്കളെയും പട്ടിണിക്കിടാതിരിക്കാന്‍ മാര്‍ഗം തേടി അലയുകയാണ് അയട്ടു. എന്റെ മക്കള്‍ കൃഷികാരാകണമെന്ന് ഞാന്‍ ആഗ്രഹിച്ചു, പക്ഷെ എനിക്ക് ഭൂമിയില്ല, സ്കൂളില്‍ അവരെ പഠിപ്പിക്കുവാന്‍ എനിക്ക് പണവുമില്ല. എന്റെ കുട്ടികള് വിശന്നുകരയുന്നത് കാണുന്പോള് എനിയ്ക്ക് ആത്മഹത്യ ചെയ്യാന് തോന്നാറുണ്ട്- അയട്ടുപറയുന്നു
അയടുവിന്‍റെ ഭാര്യമാര്‍ നൂറിലേറെ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്കിയിരുന്നു 23 കുഞ്ഞുങ്ങള്‍ മരിച്ചു പോയി. ബാക്കിയുള്ളവര്‍ ഉണ്ട്. എല്ലാവരുടെയും പേര് അയടുവിന് നല്ല നിശ്ചയമില്ല. അവരോരോരുത്തരുടെയും അമ്മമാര്‍ ആരെന്ന് മനസ്സിലാക്കി വയ്ക്കാനും ഇപ്പോള്‍ ബുദ്ധിമുട്ടാണ്.
ജനങ്ങള് എന്നെയൊരു തമാശക്കഥാപാത്രമായാണ് കാണുന്നത്. എന്നാല് എന്റെ ജീവിതത്തില് ഒട്ടും തമാശയില്ല. ജീവിച്ചുപോകാന് ബുദ്ധിമുട്ടുന്ന ഒരു ഭാഗ്യദോഷിയാണ് ഞാന് . മക്കളില്‍ 40 പേര്‍ ഇപ്പോള്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളാണ് സ്കൂള്‍ രേഖകളില്‍ സൂക്ഷിക്കാന്‍ അവരില്‍ ഓരോരുത്തരുടെയും ഫോട്ടോ സ്കൂള്‍ അധികൃതര്‍ ആവശ്യപ്പെടുന്നു. അതിന് എനിക്ക് പണമെവിടെ. സര്‍ക്കാര്‍ കാട്ടുന്നത് അനീതിയാണ്. സര്‍ക്കാര്‍ എന്നെ സഹായിക്കണം- സ്വയം വരുത്തി വച്ച വിനയില്‍ നിന്നും രക്ഷനേടാന്‍ കഴിയാതെ അയട്ടു പറയുന്നു.
അയട്ടുവിന്റെ കുടിലിന് ചുറ്റുവട്ടത്തുള്ള കുടിലുകളിലാണ് ഭാര്യമാരില്‍ ഏഴുപേര്‍ കുട്ടികള്‍ക്കൊപ്പം താമസിക്കുന്നത്. മറ്റ് നാലു ഭാര്യമാര്‍ താഴ്വാരത്ത് എതിര്‍വശത്തു ഗിവെ അബോസ ഗ്രാമത്തിലാണ് താമസിക്കുന്നത്.
ഭാര്യമാര്‍ക്കും കുട്ടികള്‍ക്കും ഒപ്പം കഴിയാന്‍ സമയം പകുത്തുവച്ചിരിക്കുകയാണ് ഇദ്ദേഹം. വഴക്കും വക്കാണവുമെല്ലാം ഉണ്ടെങ്കിലും അവര്‍ തന്നെ അത് രമ്യമായി തീര്‍ക്കുകയും ചെയ്തു കൊള്ളുമെന്ന് അയട്ടു പറയുന്നു.
സ്വന്തം അനുഭവം വരരുതെന്ന് കരുതി ബഹുഭാര്യത്വത്തിനും വിവാഹത്തിന് തന്നെയും എതിരെ നിലകൊള്ളാന്‍ അയട്ടു മക്കളെ ഉപദേശിച്ചു. പക്ഷെ ഫലമുണ്ടായിട്ടില്ല.
മൂത്തമകന്‍ ഡാഗ്നെ അയട്ടുവിന് ഉപജീവനത്തിന് തൊഴിലൊന്നുമില്ലെങ്കിലും 35ാം വയസ്സില്‍ 3 ഭാര്യമാരും 7 കുഞ്ഞുങ്ങളുമായി. ഇപ്പോള്‍ ഡാഗ്നെ നാലാമതും കല്ല്യാണം കഴിക്കാന്‍ പോകുന്നു.












Click it and Unblock the Notifications